ന്യൂഡല്‍ഹി: കോവിഡ് -19 നെ പ്രതിരോധിക്കാന്‍ വെല്ലൂരിലെ അധികൃതര്‍ എല്ലാ മരുന്ന് തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. ജൂണ്‍ മുതല്‍ ജില്ലയില്‍ കേസുകള്‍ ക്രമാതീതമായി ഉയരാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യ വിഭാഗം ആയുര്‍ വേദം, അലപ്പോതി, സിദ്ധ തുടങ്ങി എല്ലാ വിഭാഗം മരുന്നുകളും ആരോഗ്യ വിദഗ്ധരെയും കൊവിഡിനെതിരെ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്നലെ വരെ 1715 കൊവിഡ് കേസുകളാണ് ഇവിടെയുള്ളത്.
ശ്വാസ കോശ അണുബാധ പോലുള്ള രോഗങ്ങള്‍ ആളുകള്ക്കുണ്ടോയെന്ന് പരിശോധന നടത്തി വരികയാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് ആയുര്‍വേദ, സിദ്ധ മരുന്നുകള്‍ നല്കി പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സിങ്ക് സള്‍ഫേറ്റ്, വിറ്റാമിന്‍ ഗുളികകള്‍ എന്നിവ നല്കി ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കളക്ടര്‍ എ ഷണ്മുഖ സുന്ദരം പറഞ്ഞു.
കൊവിഡ് പരിശോധനയുടെ ഫലങ്ങള്‍ ലഭിക്കുന്നതുവരെ ഇത്തരം പ്രതിരോധ മരുന്നകള്‍ ഉപയോഗിച്ച് ആളുകളെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 48 മണിക്കൂര്‍ ഹോം ക്വാറന്റയിനിലാക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാന്‍ പനി ക്യാമ്പുകള്‍ വ്യാപകമായി സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയില്‍ തിരിച്ചെത്തിയവരും മാര്‍ക്കറ്റ് ഏരിയയിലെ അണുബാധയും കാരണം വെല്ലൂര്‍ നഗരം പ്രതിസന്ധിയിലാണ്. വെല്ലൂര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (വിസിഎംസി) വ്യാഴാഴ്ച വരെ 934 കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. അതിനാല്‍ വൈറസിനെക്കുറിച്ചുള്ള വിപുലമായ ബോധവല്‍ക്കരണം ജനങ്ങള്‍ക്ക് നല്കി വരികയാണ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണക്രമം, ഹെര്‍ബല്‍ ടീ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ജ്യൂസ്, പ്രാണായാമം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ രണ്ട് പേജുള്ള കുറിപ്പിന്റെ 4 ലക്ഷം പകര്‍പ്പുകള്‍ അച്ചടിച്ച് 3.63 ലക്ഷം വീടുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 13,000 ഓളം കുടുംബങ്ങള്‍ക്ക് സിങ്ക് സള്‍ഫേറ്റ്, വിറ്റാമിന്‍ ഗുളികകള്‍ വിതരണം ചെയ്തു.ആയുര്‍വേദ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഭരണകൂടമെന്നും അദ്ദേഹം വ്യക്തമാക്കി



