തിരുവനന്തപുരം: ബ്ലാക്‌മെയില്‍ കേസിന്റെ പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി ഷംന കാസിം. സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു തട്ടിപ്പിനു പിന്നിലെന്ന് ഷംന പറഞ്ഞു. തട്ടിപ്പിനിരയായത് മോഡലുകള്‍ മാത്രമല്ല, നിരവധി വിദ്യാര്‍ഥിനികളും ഇരകളായിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ സ്ത്രീകളടങ്ങിയ സംഘമാണെന്നും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നാല്‍ കോടികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും ഷംന വെളിപ്പെടുത്തി.
വിവാഹാലോചനയുമായി എത്തിയ സംഘം പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. തട്ടിപ്പിന് ഇരയായ പെണ്‍കുട്ടികളെ കുറ്റംപറയാന്‍ സാധിക്കില്ല. കാരണം, അത്രയ്ക്ക് പ്ലാനോടെയാണ് അവര്‍ സംസാരിക്കുന്നതും ഇടപെടുന്നതും. ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ സംഘത്തിനു നല്‍കിയത്. ഇപ്പോഴും ഇത്തരമൊരു തട്ടിപ്പ് നടന്നുവെന്ന് വീട്ടുകാര്‍ക്ക് വിശ്വാസം വരുന്നില്ലെന്നും ഷംന പറഞ്ഞു.
വിവാഹാലോചനയ്ക്കു ശേഷമാണ് അന്‍വര്‍ എന്നയാളുമായി സംസാരിച്ചത്. അന്‍വറിന്റെ ബാപ്പയും ഉമ്മയും സഹോദരിയും സംസാരിച്ചിരുന്നു. മെയ് 25ഓടെയാണ് വിവാഹാലോചന വന്നത്. അന്‍വറിന്റെ വീട്ടുകാരുമായും സംസാരിച്ചു. സംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവരോടും സംസാരിച്ചിരുന്നു. വീഡിയോകോളില്‍ സംഘം മുഖംമറച്ചാണ് സംസാരിച്ചത്. രാമനാട്ടുകരയിലെ മുഹമ്മദ് ഹാജി എന്നയാളുടെ മേല്‍വിലാസമാണ് ബന്ധപ്പെടാനായി നല്‍കിയിരുന്നത്. പിതാവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നും അത് നോക്കിനടത്തുകയാണെന്നും സഹോദരന്‍മാര്‍ക്ക് ഗള്‍ഫില്‍ സ്വര്‍ണക്കച്ചവടമാണെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
വരന്റെ ഉമ്മയായി ചമഞ്ഞ് ഫോണില്‍ സംസാരിച്ചത് പ്രതികളിലൊരാളുടെ ഭാര്യയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹ തട്ടിപ്പിന് വിശ്വാസ്യതയുണ്ടാക്കാനും ഷംനയെയയും കുടുംബത്തെയും പറ്റിക്കുന്നതിനും പ്രതികള്‍ സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചു. നിലവില്‍ അറസ്റ്റിലുള്ള മുഖ്യപ്രതികളില്‍ ഒരാളുടെ ഭാര്യയാണ് ഷംനയെ നിരന്തരം ഫോണില്‍ വിളിച്ചത്. വരനായി അഭിനയിച്ച അന്‍വര്‍ അലിയുടെ ഉമ്മ സഹ്‌റ എന്ന വ്യാജ പേരിലായിരുന്നു ഫോണ്‍സംഭാഷണം. ഷംനയും പ്രതികളും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ രേഖകള്‍ പിടിച്ചെടുത്തതായി ഐജി വിജയ് സാഖറെ വ്യക്തമാക്കി.

