മലപ്പുറം: കൊറോണ ഭീതിയില്‍ പ്രവാസിക്ക് പച്ചവെള്ളംപോലും കൊടുക്കാതെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ യുവാവിനാണ് സ്വന്തം വീട്ടുകാരില്‍നിന്ന് ഈ ദുരനുഭവം ഉണ്ടായത്. പുലര്‍ച്ചെ നാലിന് വിദേശത്തുനിന്നു വീട്ടിലെത്തിയ യുവാവിനുമുന്നില്‍ വീട്ടുകാര്‍ വാതില്‍ തുറന്നില്ല. വീടിനുമുന്നില്‍ സ്വന്തക്കാരുടെ ദയകാത്ത് മണിക്കൂറുകള്‍ കാത്തിരുന്ന യുവാവിനെ ഒടുവില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വിദേശത്തുനിന്ന് നാട്ടിലെത്തുന്ന വിവരം നേരത്തേതന്നെ വീട്ടില്‍ അറിയിച്ചിരുന്നു. അപ്പോള്‍ ഒന്നും പറയാതിരുന്ന വീട്ടുകാര്‍ യുവാവ് വിമാനത്താവളത്തില്‍നിന്ന് വീട്ടിലെത്തിയതോടെ വീട്ടിലേക്ക് കയറാന്‍ അനുവദിച്ചില്ല. സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍ കയറരുതെന്ന് ശാഠ്യം പിടിച്ചു. യുവാവ് കുടിക്കാന്‍ അല്‍പ്പം വെള്ളം ആവശ്യപ്പെട്ടിട്ട് അതുപോലും നല്‍കിയില്ല. തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന വീട് തുറന്നുനല്‍കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു.
തുടര്‍ന്ന് യുവാവ് ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ഒടുവില്‍ എടപ്പാള്‍ സിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുല്‍ ജലീല്‍ ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കുശേഷം ഇദ്ദേഹത്തെ നടുവട്ടത്തു പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു മാറ്റി. കൊറോണഭീതി ഒരുവിഭാഗം ജനങ്ങളില്‍ ഹിസ്റ്റീരിയ പോലെ വളര്‍ന്നിരിക്കുന്നു.
രണ്ട് ആഴ്ചത്തെ ചികിത്സയും പരിചരണവുംകൊണ്ട് കോവിഡ് രോഗം പൂര്‍ണമായി ഭേദമാവുന്നതാണ് അനുഭവം. ഇത്രയും പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടും കേരളത്തില്‍ 22 പേര്‍ മാത്രമാണ് മരിച്ചത്. മാത്രമല്ല, കൊറോണ പോസിറ്റീവായി മരിച്ചവര്‍ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നവരാണ്. കേരളത്തില്‍ കൊറോണ മൂലമുള്ള ഡെത്ത് റേറ്റ് 0.62 ശതമാനം മാത്രമാണ്. 14 ദിവസത്തെ ക്വാറന്റൈന്‍ വാസവും ചികിത്സയും പരിചരണവും ഉണ്ടെങ്കില്‍ ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. ഈ സാഹചര്യത്തില്‍ അനാവശ്യമായ ഭീതി വച്ചുപുലര്‍ത്തുകയും പ്രവാസി സഹോദരങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് തികഞ്ഞ അജ്ഞതയാണ്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം.



