റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെയ്ജിങ് : പ്രതിഷേധങ്ങൾ നിലനിൽക്കെ ഹോങ്കോങ്ങിന്റെ മേൽ ചൈനയുടെ അധികാരം ഉറപ്പിക്കുന്ന ദേശീയ സുരക്ഷാ നിയമം ബാധകമാക്കി കൊണ്ടുള്ള തീരുമാനം പാർലമെൻറ് കൈകൊണ്ടു. നിയമം ബാധകം ആക്കിയതോടെ ചൈനയിൽനിന്ന് വേറിട്ട് പോവുക, സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കുക, ഹോങ്കോങ്ങിൻറെ കാര്യത്തിൽ വിദേശരാജ്യങ്ങൾ ഇടപെടുക എന്നിവ അവസാനിക്കും.

ചൈനയുടെ പാർലമെൻറ് ആയ പീപ്പിൾസ് കോൺഗ്രസ് ഒന്നിനെതിരെ 2878 വോട്ടുകൾക്കാണ് ഇതുസംബന്ധിച്ച് നിയമം പാസാക്കിയത്. ഈ നിയമത്തിന്റെ കരടിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ വമ്പിച്ച പ്രതിഷേധമായിരുന്നു കഴിഞ്ഞവർഷം ഹോങ്കോങ്ങിൽ രൂപപ്പെട്ടത്. അത് ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ച (28_05_2020) നിയമം പാസാക്കാൻ പാർലമെൻറ് ചേരുമ്പോഴും ഹോങ്കോങ്ങിൽ പ്രതിഷേധങ്ങൾ അലയടിക്കുകയായിരുന്നു.

നിയമം പാസാക്കപെട്ടതോടെ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുവാൻ കൂടുതൽ സ്വാതന്ത്ര്യം സർക്കാരിന് ലഭിക്കും. പ്രതിഷേധങ്ങളെ ദേശസുരക്ഷയ്ക്ക് എതിരെയുള്ള സമരങ്ങൾ ആയി കൈകാര്യം ചെയ്യാൻ കഴിയും. വിഘടനവാദവും തീവ്രവാദവും ആയി പരിഗണിച്ച് അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും ചൈനീസ് സർക്കാരിന് അധികാരമുണ്ടാകും.

നിയമം പാസാക്കാനുള്ള നീക്കവുമായി ചൈനീസ് സർക്കാർ പോയികൊണ്ടിരിക്കെ തന്നെ വൻതോതിൽ മൂലധനത്തിന്റെ ഒഴുക്ക് ഹോങ്കോങ്ങിൽ നിന്ന് ആരംഭിച്ചിരുന്നു. ചൈനീസ് ഭരണത്തിലും നിയന്ത്രണത്തിലും വരുവാൻ ഇഷ്ടപ്പെടാത്ത ബാങ്കർമാരും ധനികരും ആണ് അവിടെ നിന്ന് മൂലധനം മറ്റു രാജ്യങ്ങളിലേക്ക് നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. സൗകര്യം ചെയ്തു കൊടുക്കാത്ത ബാങ്കുകളിൽ നിന്ന് വൻ തോതിൽ നിക്ഷേപങ്ങൾ പിൻവലിച്ച് കൊണ്ടിരിക്കുകയാണ്. സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലെ ബാങ്കുകളിലേക്ക് ആണ് നിക്ഷേപം ഒഴുകിക്കൊണ്ടിരിക്കുന്നത്. അപ്പാർട്ട്മെന്റുകളിലും റിയൽ എസ്റ്റേറ്റുകളിലും ധാരാളം നിക്ഷേപങ്ങൾ നടക്കുന്നുണ്ട്.

‘ചൈനക്കുള്ളിൽ വളർന്നുവന്ന പുത്തൻ ധനികവർഗത്തിന്റെ സമ്പത്തുകൾ ഹോങ്കോങ്ങിലെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ആയിരുന്നു നിക്ഷേപിച്ചിരുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത വരുമാനമുള്ള രണ്ടാമത്തെ പൗരന്മാരാണ് ഹോങ്കോങ്ങിൽ ഉള്ളത്. 50 മില്യൻ ഡോളറിൽ കൂടുതൽ ആസ്തികൾ ഉള്ള ആളുകൾ ഏറ്റവും കൂടുതൽ താമസിക്കുന്ന നഗരങ്ങളുടെ കൂട്ടത്തിൽ ലോകത്ത് പത്താം സ്ഥാനമാണ് ഹോങ്കോങ്ങിന് ഉള്ളത്. ചൈനയിൽനിന്ന് അഴിമതിയിലൂടെ സമ്പത്ത് ഉണ്ടാക്കിയ ആളുകളുടെ പണമാണ് ഹോങ്കോങ്ങിന്റെ സമ്പന്നതയുടെ പിന്നിലെന്ന് ചൈനീസ് സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ അത് പിടിച്ചെടുക്കുവാൻ ഉള്ള ശ്രമങ്ങൾ നടത്തിയിരുന്നില്ല. പുതിയ നിയമം പാസ്സാക്കിയതോടെ ആ ശ്രമം ഉണ്ടാകുമെന്നാണ് ധനിക വിഭാഗങ്ങൾ കരുതുന്നത്.

അടിസ്ഥാനപരമായി സ്റ്റേറ്റ് നിയന്ത്രണത്തിൽ സമ്പത്ത് വന്നുപെടുന്നതിനെ എതിർക്കുന്നവരാണ് ഹോങ്കോങ്ങിലെ ധനികർ. ഒന്നാം ഘട്ടത്തിൽ അവരുടെ സമ്പത്തും രണ്ടാം ഘട്ടത്തിൽ അവരും ഹോങ്കോങ്ങിനെ കൈ ഒഴിയുകയാണ് ഒരു സാധ്യത. മറ്റൊന്ന് ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി സ്വതന്ത്ര ജനാധിപത്യ രാജ്യമായി മാറുക എന്നുള്ളതാണ്. ഇതിന്‌ അമേരിക്കയുടെ പിന്തുണ ലഭിച്ചേക്കാം. ആ ഇടപെടൽ മുന്നിൽ കണ്ടാണ് സൈനികമായി തയ്യാറാകുവാൻ ചൈനീസ് പ്രസിഡണ്ട് കഴിഞ്ഞദിവസം സൈന്യത്തോട് ആവശ്യപ്പെട്ടത് എന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *