ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പല്‍ഘറില്‍ രണ്ട് സന്ന്യാസിമാരെ ആള്‍ക്കൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വഡ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന 55കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന 20 പേരെ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഏപ്രില്‍ 16നാണ് നൂറോളംവരുന്ന ജനക്കൂട്ടം സന്ന്യാസിമാരെ ആക്രമിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘം മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്ന കിംവദന്തിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ സംഘടിച്ച് റോന്തുചുറ്റുന്നതിനിടെയാണ് സന്ന്യാസിമാരുടെ വാഹനം അവിടെയെത്തിയത്. തുടര്‍ന്നു നടന്ന അക്രമത്തില്‍ വാരണാസിയിലെ ശ്രീപഞ്ച് ദശ്‌നാം ജുന അഖാരയിലെ സന്ന്യാസിമാരായ കല്‍പവൃഷ് ഗിരി (70), സുഷീല്‍ ഗിരി(35) എന്നിവരും ഡ്രൈവറും കൊല്ലപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് പേരുള്‍പ്പെടെ 115 പേര്‍ അറസ്റ്റിലായിരുന്നു.



