അനധികൃത സ്വത്ത് സമ്പാദനം: കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മുന്‍ മന്ത്രി ശിവകുമാര്‍

തിരുവനന്തപുരം ഫെബ്രുവരി 21: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ എംഎല്‍എ. ഇന്നലെ നടന്ന റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല. രാഷ്ട്രീയ എതിര്‍പ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ നിരപരാധിത്വം മാത്രമല്ല ബാധ്യതയും വിജിലന്‍സിന് മനസിലായിട്ടുണ്ടെന്ന് ശിവകുമാര്‍ വ്യക്തമാക്കി.

വിഎസ് ശിവകുമാറിന്റെ കൂട്ടുപ്രതി ഹരികുമാറിന്‍റെ മൂന്നു വീടുകളിലാണ് പരിശോധന നടന്നത്. റെയ്ഡിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. പതിനാല് മണിക്കൂറോളമാണ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെ റെയ്ഡ് നടന്നത്. നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യം, ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരില്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് റെയ്ഡ്.

Share
അഭിപ്രായം എഴുതാം