മഹാരാഷ്ട്രയില്‍ ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് സഖ്യത്തിലായതെന്ന് നിയുക്ത ഉപമുഖ്യമന്ത്രി

മുംബൈ നവംബര്‍ 27: ഭരണഘടനയെ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികളാണ് മഹാരാഷ്ട്രയില്‍ സഖ്യത്തിലായതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട്. ഈ മൂന്ന് കക്ഷികളും തമ്മില്‍ ആശയപരമായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനങ്ങള്‍ വിഭജിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ തീരുമാനമാകും.

അജിത് പവാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്‍കുമോയെന്നറിയില്ലെന്നും തോറാട്ട് കൂട്ടിച്ചേര്‍ത്തു. ത്രികക്ഷി സര്‍ക്കാരില്‍ കോണ്‍ഗ്രസിന് 13 മന്ത്രിസ്ഥാനങ്ങള്‍ ധാരണയായിട്ടുണ്ട്. സഖ്യസര്‍ക്കാരില്‍ ഒരു ഉപമുഖ്യമന്ത്രി പദവി മതിയെന്ന് കക്ഷികള്‍ക്കിടയില്‍ ആലോചനയുണ്ട്. കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ ജയന്ത് പാട്ടീലും ഉപമുഖ്യമന്ത്രിമാരായി സ്ഥാനമേല്‍ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇതില്‍ മാറ്റമുണ്ടായേക്കാം.

Share
അഭിപ്രായം എഴുതാം