ന്യൂഡൽഹി: ഒന്നര വർഷത്തേക്ക് കാർഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ വാഗ്ദാനവും നിരസിച്ച് കർഷകർ.
നേരത്തെ കർഷകർ ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കില്ല എന്ന കേന്ദ്രത്തിന്റെ തീരുമാനം പരിഗണിക്കാമെന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കർഷകർ നിയമം പൂർണമായും റദ്ദാക്കുന്നതിൽ കുറഞ്ഞ് ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് വ്യക്തമാക്കിയത്.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകുമെന്നും കർഷക പ്രതിനിധികൾ വ്യക്തമാക്കി. നവംബർ 26നാണ് കർഷക സമരം ആരംഭിച്ചത്. കേന്ദ്ര സർക്കാരുമായി ഇതിനോടകം കർഷകർ പത്ത് പ്രാവശ്യം ചർച്ച നടത്തിക്കഴിഞ്ഞു. കർഷക നിയമം പിൻവലിക്കില്ലെന്ന് നിലപാടിൽ കേന്ദ്രം ഉറച്ചു നിൽക്കുകയാണ്.

