ബംഗളൂരു: ജെഡിഎസ് നേതാവും കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സില്‍ (എംഎല്‍സി) ഡെപ്യൂട്ടി ചെയര്‍മാനുമായ എസ് എല്‍ ധര്‍മ്മ ഗൗഡയുടെ മരണത്തില്‍ സ്വതന്ത്യ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ള. മരണ വാര്‍ത്ത അസ്വസ്ഥനാക്കുന്നു. അദ്ദേഹം ചെയര്‍മാൻ ആയിരുന്നപ്പോള്‍ സഭയില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവം ജനാധിപത്യത്തിനെതിരായ ഗുരുതരമായ ആക്രമണമാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഒരു സ്വതന്ത്ര ഏജന്‍സി വഴി ഉന്നതതല അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. നിയമനിര്‍മ്മാണ സഭകളുടെ അന്തസ്സും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്, -സ്പീക്കര്‍ പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ഗൗഡയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് കര്‍ണാടക നിയമ നിര്‍മ്മാണ സഭയില്‍ അരങ്ങേറിയ സംഭവങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് ധര്‍മ്മ ഗൗഡ. ഉപരിസഭയിലെ നിലവിലെ ചെയര്‍മാനും കോണ്‍ഗ്രസ് പ്രതിനിധിയുമായ പ്രതാപ ചന്ദ്ര ഷെട്ടിയുടെ കസേര ധര്‍മ്മഗൗഡ കൈയ്യടക്കാന്‍ ശ്രമിച്ചതിന് സഭയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. ധര്‍മ്മ ഗൗഡയെ ഇരിപ്പിടത്തില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വലിച്ചിറക്കിയിരുന്നു.ധര്‍മ്മഗൗഡ ബിജെപിയിലേക്ക് ചുവടുമാറുന്നു എന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു.

