അമ്പലപ്പുഴ: ജയിച്ചതിനുശേഷം സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന പരാരാതി വ്യപകമാണ്. എന്നാല്‍ തോറ്റിട്ടും വാഗ്ദാനം പാലിച്ച് ഒരു സ്ഥാനാര്‍ത്ഥി. അമ്പലപ്പുഴ ബ്ലോക്ക് എംസിഎച്ച് ഡിവിഷനില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിതയാണ് വാഗ്ദാനം പാലിക്കുന്നതില്‍ മാതൃകയായത്. മത്സ്യതൊഴിലാളി കുടുംബത്തിലെ കുട്ടിക്ക് പഠിക്കാന്‍ മൊബൈല്‍ഫോണ്‍ നല്‍കിയാണ് വാക്ക് പാലിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വീടുകള്‍ കയറുന്നതിനിടെയാണ് കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് നീര്‍ക്കുന്നത്ത് റെയില്‍വേ പുറമ്പോക്കില്‍ കഴിയുന്ന അനീഷ്‌കുമാര്‍- രമ്യ ദമ്പതികളുടെ മകള്‍ അനുശ്രീയുടെ ദുരിതം ഷിതയുടെ ശ്രദ്ധയില്‍ പെട്ടത് വീട്ടില്‍ ടെലിവിഷന്‍ ഉണ്ടെങ്കിലും മറ്റ് പഠനത്തിനായി മൊബൈല്‍ ഫോണില്ലാത്തതിനാല്‍ പുന്നപ്ര എസ്എന്‍എസ് യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ അനുശ്രി വീടിന് വളരെ അകലെയുളള പിതൃസഹോദരന്റെ വീട്ടില്‍ ചെന്നാണ് പഠനം നടത്തിയിരുന്നത്. ഇത് ബുദ്ധിമുട്ടായതോടെ സമീപ വാസിയുടെ ഫോണ്‍ രാത്രിയില്‍ ഒരു മണിക്കൂറോളം കടം വാങ്ങിയാണ് ഹോം വര്‍ക്ക് ചെയ്തിരുന്നത്.
പ്രചരണത്തിനിടെ ഇത് ശ്രദ്ധയില്‍പെട്ട ഷിത അനുശ്രീക്ക് പഠന സഹായത്തിനായി മൊബൈല്‍ ഫോണ്‍ നല്‍കാന്‍ അപ്പോള്‍ തന്നെ തീരുമാനിട്ടിരുന്നു. എന്നാല്‍ പെരുമാറ്റചട്ടം നലനില്‍ക്കുന്നതിനാല്‍ സഹപ്രവര്‍ത്തകരോട് മാത്രമാണ് ഇക്കാര്യം പറഞ്ഞിരുന്നത്.
ഫലപ്രഖ്യാപനം വന്നപ്പോള്‍ പരാജയപ്പെട്ടെങ്കിലും വാഗ്ദാനം പാലിക്കാന്‍ ഷിത മറന്നില്ല. ഇന്നലെ സുഹൃത്തുക്കളുമൊത്ത് അനുശ്രീയുടെ വട്ടിലെത്തി മാതാവ് രമ്യക്ക് മൊബൈല്‍ഫോണും പഠനോപകരണങ്ങളും കൈമാറിയപ്പോഴാണ് വീട്ടുകാര്‍പോലും ഈ വിവരം അറിയുന്നത്. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ശോഭാ ഗോപിനാഥിന്റെ മകളാണ് ഷിത .

