റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാലു മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍

November 6, 2020 - 1:25 pm

രണ്ടു മാസത്തിനകം 61,290 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പ് 50,000 തൊഴിലവസരം കൂടി

തിരുവനന്തപുരം: നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം മറികടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രണ്ടു മാസം പിന്നിടുമ്പോള്‍ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു അമ്പതിനായിരം തൊഴിലവസരം കൂടി സൃഷ്ടിക്കും. അങ്ങനെ നാലു മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ 19,607 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതില്‍ താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടും. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുള്ള സംരംഭങ്ങളില്‍ 41,683 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

സംരംഭകത്വ മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ദാതാവ് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ ക്വാട്ട 15,000 ആയിരുന്നു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 19,135 പേര്‍ക്ക് കുടുംബശ്രീ തൊഴില്‍ നല്‍കി. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളിലാണ് 6965 പേര്‍. സെപ്തംബറിനുശേഷം തുടങ്ങിയ ജനകീയ ഹോട്ടലുകളില്‍ 613 പേര്‍ക്ക് തൊഴിലായി. ഹോം ഷോപ്പികളിലും വിപണന കിയോസ്‌കുകളിലുമായി 2620 പേര്‍. മൃഗസംരക്ഷണത്തില്‍ 2153 പേര്‍. 1503 പേര്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത സംരംഭങ്ങളിലാണ്. തൊഴിലവസര സൃഷ്ടിക്കുവേണ്ടി അതിവിപുലമായ ഒരു പരിപാടിയാണ് കുടുംബശ്രീ ആവിഷ്‌കരിച്ചിട്ടുള്ളത്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താല്‍പ്പര്യമുള്ളവരുടെ പൊതുഅവബോധ പരിശീലനം നടത്തുവാന്‍ പോവുകയാണ്. അയല്‍ക്കൂട്ടങ്ങളില്‍ നടത്തിയ കാമ്പയിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ പേര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംരംഭകത്വ പരിശീലനമോ നൈപുണി പോഷണമോ നല്‍കും. കെ.എഫ്.സിയില്‍ നിന്ന് വായ്പയും കുടുംബശ്രീയുടെ സഹായവും ലഭ്യമാക്കും.

സംരംഭകത്വ മേഖലയില്‍ 12,325 തൊഴിലുകള്‍ വ്യവസായ ഡയറക്ടറേറ്റ് സൃഷ്ടിച്ചു. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി 1.01 ലക്ഷം പേര്‍ക്ക് 4525 കോടി രൂപ അധികവായ്പയായി ലഭിച്ചതില്‍ 1200 അധിക തൊഴില്‍ കണക്കാക്കപ്പെടുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയുള്ള വ്യവസായ യൂണിറ്റുകളും കേരള എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്ടിനു കീഴില്‍ ആരംഭിച്ച യൂണിറ്റുകളും ഉള്‍പ്പെടെയാണ് ഇത്രയും തൊഴിലുകള്‍ സൃഷ്ടിച്ചത്.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മുഖേന വായ്പയെടുത്ത 500 സംരംഭങ്ങളില്‍ 1602 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതുപോലെ പിന്നാക്ക സമുദായ കോര്‍പറേഷന്റെ സംരംഭക വായ്പയില്‍ നിന്ന് 1490 ഉം സഹകരണ സംഘങ്ങള്‍ നല്‍കിയ വായ്പയില്‍ നിന്ന് 4030 ഉം മത്സ്യബന്ധന വകുപ്പില്‍ നിന്നുള്ള വായ്പയുടെ അടിസ്ഥാനത്തില്‍ 842 ഉം പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനുകളിലും മറ്റുമായി 782 പേര്‍ക്ക് ജോലി ലഭിച്ചു.

ഇതിനുപുറമേ, നേരിട്ട് ജോലി നല്‍കിയതില്‍ മുന്നില്‍ നില്‍ക്കുന്നത് സപ്ലൈകോ ആണ്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ 7900ല്‍പ്പരം പേര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ പായ്ക്കു ചെയ്യുന്നതിന് സെപ്തംബര്‍ മുതല്‍ താല്‍ക്കാലിക ജോലി നല്‍കിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ 4962 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ എയിഡഡ് സ്‌കൂളുകളിലെ 3139 ഉം ഹയര്‍ സെക്കന്‍ഡറിയിലെ 92 ഉം വിഎച്ച്എസ് സിയിലെ 23 ഉം നിയമനങ്ങള്‍ ഉള്‍പ്പെടുന്നു.

കെഎസ്എഫ്ഇയില്‍ 774 പേര്‍ക്ക് പി.എസ്.സി വഴി നിയമനം ലഭിച്ചു. ആരോഗ്യവകുപ്പില്‍ 3069 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ 2491 താല്‍ക്കാലിക നിയമനങ്ങളും ഉള്‍പ്പെടും.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ 453 പേര്‍ക്ക് ജോലി ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പില്‍ 180 പേര്‍ക്കും.

കാര്‍ഷികേതരമേഖലയില്‍ ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളിലും 1000 പേര്‍ക്കുവീതം തൊഴില്‍ നല്‍കുന്നതിന് ഒരു പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. അപ്രതീക്ഷിതമായി ഉണ്ടായ കോവിഡ് സംഭവവികാസങ്ങള്‍ ഈ പരിപാടിക്ക് വിലങ്ങുതടിയായി. ഈയൊരു സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ 100 ദിവസം കൊണ്ട് കാര്‍ഷികേതര മേഖലയില്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് ലോകമെങ്ങും തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ നാം കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃക കാട്ടുന്നത് അഭിമാനകരമായ നേട്ടമാണ്.

അതോടൊപ്പം സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായും കാര്‍ഷിക, മത്സ്യമേഖലകളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതിനു പുറമെ കാര്‍ഷികേതര മേഖലയിലും തൊഴിലവസരങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9013/One-lakh-jobs-in-four-months.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *