ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രണ്ടാം ബാച്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. 7000 കിലോമീറ്റര്‍ നിര്‍ത്താതെ പറന്ന്
ബുധനാഴ്ച (4/11/2020) രാത്രി 8.14ന് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയില്‍ എത്തിയെന്നു വ്യോമസേന ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ ജാംനഗര്‍ എയര്‍ബേസിലാണ് വിമാനങ്ങള്‍ പറന്നിറങ്ങിയത്. ഇത്തവണ ഫ്രാന്‍സില്‍ നിന്ന് നേരിട്ടാണ് വിമാനം വരുന്നത്. കഴിഞ്ഞ തവണ ദുബയില്‍ ഇറങ്ങി ഇന്ധനം നിറച്ചാണ് ഇന്ത്യയിലേക്ക് വന്നത്. ഇത്തവണ ആകാശത്തുവച്ചുതന്നെ ഇന്ധനം നിറക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. 36 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതില്‍ 5 എണ്ണം കഴിഞ്ഞ ജൂലൈ 29ന് അംബാലയില്‍ എത്തിയിരുന്നു. അന്ന് ദുബൈയിലെ അല്‍ ധഫ്രയിലാണ് ഇന്ധനം നിറക്കാന്‍ നിര്‍ത്തിയത്. അതേസമയം സപ്തംബര്‍ 10നായിരുന്നു ഔപചാരികമായി വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.
ഓരോ രണ്ട് മാസം കൂടുമ്പോഴും മൂന്നോ നാലോ ജറ്റുകള്‍ വച്ച് 36 എണ്ണം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി അടുത്ത വര്‍ഷം അവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും വന്നുചേരും. റഷ്യയില്‍ നിന്ന് സുഖോയ് 30 വിമാനം വാങ്ങിയതിനു ശേഷം 23 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ വിദേശത്തുനിന്ന് വിമാനം വാങ്ങുന്നത്. 1997 ജൂണില്‍ 30 ജെറ്റ് വിമാനമാണ് വ്യോമസേന സ്വന്തമാക്കിയത്. റഫേല്‍ വിമാനങ്ങള്‍ ലഡാക്ക് പ്രദേശത്ത് ചൈനയ്ക്കെതിരേ പ്രതിരോധമായി ഉപയോഗിക്കാനാണ് പദ്ധതി. റഫേല്‍ ജറ്റുകള്‍ എത്തുന്നതോടെ കൂടുതല്‍ സായുധശേഷി കൈവരിക്കാന്‍ ഇന്ത്യക്ക് ആവുമന്നും സാങ്കേതിക, സൈനിക, ആയുധ മേഖലയില്‍ ഇതൊരു മുതല്‍ക്കൂട്ടാവുമെന്നും കഴിഞ്ഞ മാസം എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ പറഞ്ഞിരുന്നു.
