റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് നെല്ലിയാമ്പതിയില്‍ വീണ്ടും ഓറഞ്ച് വസന്തം

October 27, 2020 - 4:24 pm

പാലക്കാട്: സംസ്ഥാന കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നെല്ലിയാംപതിയിലെ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ വീണ്ടും ഓറഞ്ച് വസന്തം. വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പില്‍ ഇതുവരെ 517 കിലോഗ്രാം ഓറഞ്ചാണ് ലഭിച്ചത്. 5  6 അടിയോളം വരുന്ന ഒരു ചെടിയില്‍ നിന്നും ശരാശരി അഞ്ച് കിലോയോളം ഓറഞ്ചുകള്‍ വരെ ലഭിക്കുന്നുണ്ട്. ഒക്ടോബര്‍  ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന വിളവെടുപ്പില്‍ ഏകദേശം 1.5 ടണ്‍ ഓറഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു കാലത്ത് സര്‍വ്വ പ്രതാപത്തോടെ നിന്നിരുന്ന ഈ ഓറഞ്ച് ഫാം പിന്നീട് പേരില്‍ മാത്രമായി ഒതുങ്ങിപ്പോയിരുന്നു. 2016ന് ശേഷമാണ് 25 ഹെക്ടറോളം വരുന്ന സ്ഥലത്ത് ഓറഞ്ചുതൈ നട്ട് ഫാമിന്റെ പുനരുജ്ജീവനത്തിന് തുടക്കമിട്ടത്. പുതിയതായി 4,000 ത്തോളം നാടന്‍ ഓറഞ്ച് തൈകളും 2,000 ഹൈബ്രിഡ് തൈകളും നട്ടുപിടിപ്പിച്ചുകൊണ്ടായിരുന്നു ഇത്. നാഗ്പൂര്‍ ഹൈബ്രിഡ്, കൂര്‍ഗ് മന്ദാരിന്‍, നെല്ലിയാമ്പതി ലോക്കല്‍ എന്നീ ഇനങ്ങളില്‍പ്പെട്ട തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. 2018ലുണ്ടായ പ്രളയവും മഴക്കെടുതിയും ഓറഞ്ച് ചെടികള്‍ക്ക് കുമിള്‍ ബാധയുണ്ടാക്കുകയും ചെടികളുടെ വളര്‍ച്ച മുരടിച്ചുപോകുന്ന ഘട്ടത്തിലേക്ക് പോകുകയും ചെയ്‌തെങ്കിലും തീവ്രപരിചരണത്തിലൂടെ ഒറ്റചെടിപോലും കേടുകൂടാതെ സംരക്ഷിക്കാനായി. അടുത്ത വര്‍ഷം മുതല്‍ ഒരേ സമയത്ത് പൂവിടുന്ന രീതി അവലംബിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ നിന്നും ശേഖരിക്കുന്ന ഓറഞ്ചുകള്‍ പ്രധാനമായും സ്‌ക്വാഷ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. പഴം പച്ചക്കറി സംസ്‌കരണ ശാലയില്‍ നിര്‍മിക്കുന്ന ഈ സ്‌ക്വാഷുകള്‍, 700 മില്ലിക്ക് 100 രൂപ വിലയ്ക്ക് ഫാം വക വില്‍പന കേന്ദ്രം വഴി വില്‍പ്പന നടത്തുന്നുണ്ട്. ഫാമില്‍ ഓറഞ്ചിന് പുറമെ 17 ഇനം ശീതകാല പച്ചക്കറികളും കൃഷിയിറക്കിയിട്ടുണ്ട്. കാരറ്റ്, കോളിഫ്‌ളവര്‍, കാബേജ്, ബീറ്റ്‌റൂട്ട്, ചൈനീസ് കാബേജ്, തക്കാളി, മുള്ളങ്കി, ഗ്രീന്‍പീസ്, ബട്ടര്‍ ബീന്‍സ്, ചെറിയ ഉള്ളി, തണ്ണിമത്തന്‍, മല്ലി, കാപ്‌സിക്കം, കക്കിരിക്ക, ബ്രൊക്കോളി, നോള്‍ഖോള്‍, കൗ പീ എന്നീ ഇനങ്ങളുടെ വിളവെടുപ്പ് ഡിസംബര്‍ ജനുവരി മാസങ്ങളിലായി നടക്കും.

പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതി വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓറഞ്ച് തോട്ടം കാണുന്നതിനും താമസിക്കുന്നതിനും സൗകര്യമുണ്ടായിരിക്കില്ല. ഓറഞ്ച് തോട്ടത്തിനോട് ചേര്‍ന്ന് 16 മുറികളുള്ള ട്രെയിനിംഗ് ഹോസ്റ്റലിന്റെ പണി അവസാനഘട്ടത്തിലാണ്. വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയ കാന്റീനും ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8838/Orange-farm.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *