തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ 16 -10 -2020 വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് നോട്ടീസ് നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത ശിവശങ്കരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കരമനയിലെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ.സി. ജി യിൽ വ്യതിയാനമുണ്ട്. രക്തസമ്മർദ്ദം കൂടുതലാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. കാർഡിയാക് ഐസിയുവിലേക്ക് മാറ്റി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ആശുപത്രിയിലെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായിരുന്നു എന്നാണ് സൂചന. ഇതിനുമുമ്പും കസ്റ്റംസ് ശിവശങ്കരനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനു ശേഷം വിട്ടയ്ക്കുകയാണ് ഉണ്ടായത്.
വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ പൂജപ്പുരയിലെ വീട്ടിലെത്തി നോട്ടീസ് നൽകി. ഉടനെ ശിവശങ്കരൻ ഫോണിൽ ആരെയോ ബന്ധപ്പെട്ടു. അഭിഭാഷകനെയാണ് എന്ന് കരുതുന്നു. ആരോഗ്യനില മോശമായതിനാൽ ഹാജരാകാൻ സാധിക്കില്ല എന്നായിരുന്നു ഫോൺ സംഭാഷണത്തിന് ശേഷം മറുപടി. കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കരനെ കൂട്ടിക്കൊണ്ടുപോയി. കൂട്ടിക്കൊണ്ടു പോകുന്ന വഴി ജഗതിയില്‍ വച്ച് ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കരമനയിലെ പിആർഎസ് ആശുപത്രിയിലെത്തിച്ചു. ഇടപഴഞ്ഞിയിലെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ശിവശങ്കർ ചികിത്സ നേടിയിരുന്ന ആശുപത്രിയായതിനാലാണ് പി ആർ എസിലേക്ക് കൊണ്ടുപേയത്. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയാണ് കരമന പി ആർ എസ്. ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ ആരംഭിച്ചു. രക്തസമർദ്ദം കൂടുതലായിരുന്നു. ഇ സി ജിയിലും വ്യതിയാനമുണ്ടായിരുന്നു. രക്ത പരിശോധനയ്ക്ക് അയച്ചു. എം ആർ ഐ സ്കാനിംഗ് നടത്തി. ശനിയാഴ്ച ആൻജിയോഗ്രാം നടത്തും.
എൻ ഐ എ അന്വേഷണ ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തി. ആരോഗ്യാവസ്ഥ അറിയിക്കണമെന്ന് ഡോക്ടർമാരോട് നിർദ്ദേശിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും എൻ ഐ എ സംഘവും തിരിച്ചുപോയി. ശിവശങ്കർ ആശുപത്രിയില്‍ തുടരും.
എം ശിവശങ്കരനെ അറസ്റ്റ് ചെയ്യുന്നതിൽ കസ്റ്റംസിന് തടസ്സമില്ല എന്നാണ് നിയമോപദേശം. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചിരുന്നത്. കസ്റ്റംസിന്റെ ഡൽഹി കേന്ദ്രത്തിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് സമൻസ് നൽകുവാൻ കൊച്ചിയിലെ കസ്റ്റംസ് തിരുവനന്തപുരം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

