ചൈനയോടു ചേർന്ന അതിർത്തി ഗ്രാമങ്ങളിൽ ടൂറിസം സജീവമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി

ന്യൂഡൽഹി: അതിർത്തി ഗ്രാമങ്ങളിൽ ടൂറിസമടക്കമുള്ളവ വർദ്ധി പ്പിച്ച് ചൈനീസ് കടന്നു കയറ്റത്തെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി സൂചന. ആവർത്തിച്ചുള്ള ചൈനീസ് കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അതിർത്തി മേഖലയിൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഗ്രാമങ്ങളിൽ പ്രതിരോധത്തിന്റെ രണ്ടാം നിര നിർമ്മിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.

ഇതിൻ്റെ ആദ്യപടിയായി ഉത്തരാഖണ്ഡിലെ ഗംഗോത്രി ദേശീയോദ്യാനമടക്കമുള്ള ഭാഗങ്ങളിൽ ടൂറിസം പ്രവർത്തനങ്ങൾക്ക് ഇളവുകൾ അനുവദിക്കും. ഉത്തരാഖണ്ഡിൽ ചൈനയുമായി 350 കിലോമീറ്റർ അതിർത്തിയുണ്ട്. ഉത്തരാഖണ്ഡ് സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഒന്നിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേലും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജും ജൂലൈ അവസാനം ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. പ്രദേശത്തെ കടന്നുകയറ്റത്തെക്കുറിച്ചും അതിർത്തി ഗ്രാമങ്ങൾ വിജനമാകുന്നതിനെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ആശങ്കയുണ്ട്.

അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുന്നതിന് സബ്സിഡി നൽകാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.
ചില പ്രദേശങ്ങളിൽ നേപ്പാളിൽ നിന്ന് നുഴഞ്ഞുകയറ്റം നടക്കുന്നതായി ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറയുന്നു . ചില വിദേശികൾ അതിർത്തി ഗ്രാമങ്ങളിൽ സ്ഥിരതാമസമാക്കുന്നുണ്ട് , ഒപ്പം സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗവും വർദ്ധിച്ചു, അദ്ദേഹം പറയുന്നു.

അതിർത്തി ഗ്രാമങ്ങളിൽ ജനസാന്നിധ്യം വർദ്ധിപ്പിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നത് ദീർഘനാളായി ഉത്തരാഖണ്ഡിൻ്റെ ആവശ്യമാണ് . അതിനാണ് ഇപ്പോൾ കേന്ദ്രം പച്ചക്കൊടി വീശുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →