ന്യൂഡൽഹി | മേയ് 30
ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റായതോടെ സോഷ്യൽ മീഡിയയിൽ ഒത്തുകളി ആരോപണങ്ങളുമായി ഒരു വിഭാഗം ആരാധകർ രംഗത്ത്. രാജസ്ഥാൻക്കെതിരായ ഐപിഎൽ രണ്ടാം ക്വാളിഫയറിലായിരുന്നു വീണ്ടും അതേ രീതിയിൽ താരം പുറത്തായത്.
ഇതിന് മുൻപ് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും സായ് ഹിറ്റ് വിക്കറ്റായിരുന്നു. നിർണായകമായ രണ്ട് മത്സരങ്ങളിൽ ഒരേ രീതിയിൽ പുറത്തായതാണ് ആരാധകർക്കിടയിൽ സംശയത്തിനും ചർച്ചകൾക്കും വഴിവെച്ചത്.
രാജസ്ഥാനെതിരെ മികച്ച ഫോമിൽ ബാറ്റ് ചെയ്ത സായ് സുദർശൻ 32 പന്തിൽ 58 റൺസുമായി തിളങ്ങി നിൽക്കവെയാണ് അപ്രതീക്ഷിതമായി പുറത്തായത്. ബ്രിജേഷ് ശർമ എറിഞ്ഞ പന്ത് ഷോട്ട് കളിക്കാൻ ശ്രമിക്കുമ്പോൾ ബാറ്റ് കൈയിൽ നിന്ന് വഴുതി സ്റ്റംപിൽ തട്ടുകയായിരുന്നു. പന്ത് ബൗണ്ടറി കടന്നെങ്കിലും താരം ഹിറ്റ് വിക്കറ്റായി പുറത്താകുകയായിരുന്നു.
സായ് പുറത്തായതോടെ ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ നിരാശയോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടി. ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്തായി കണക്കാക്കുന്ന ശുഭ്മൻ ഗിൽ-സായ് സുദർശൻ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ടീമിന്റെ പ്രധാന പ്രതീക്ഷ.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബിയെയാണ് ഗുജറാത്ത് നേരിടുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഫൈനൽ പോലൊരു നിർണായക മത്സരത്തിൽ ഇത്തരം പിഴവുകൾ ആവർത്തിക്കരുതെന്ന വിമർശനവും ആരാധകർക്കിടയിൽ ശക്തമാകുകയാണ്.