വേണം കാഴ്ച്ചപ്പാടുകൾ
- രാജീവ് ചന്ദ്രശേഖർ ഈ രംഗത്ത് മാതൃകയാക്കാവുന്ന കാഴ്ച്ചപ്പാടുള്ള വ്യക്തിയാണ്.
- ജീവിതാനുഭവം രൂപപ്പെടുത്തിയ കാഴ്ച്ചപ്പാടുകൾ
- അടിസ്ഥാനസൗകര്യ വികസനം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അതിവേഗ പാതകൾ, പൊതുഗതാഗതം, ഫൈബർ ഇന്റർനെറ്റ്, സ്ഥിരമായ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ ശക്തമായ വികസനം വേണം
- ഒരു യുവാവിന് ഒരു ദിവസത്തിനകം കമ്പനി രജിസ്റ്റർ ചെയ്യാനും, ഒരു മാസത്തിനകം അനുമതികൾ ലഭിക്കാനും, മൂന്ന് മാസത്തിനകം നിക്ഷേപം കണ്ടെത്താനും കഴിയുന്ന രീതിയിലേക്ക് സംവിധാനങ്ങൾ മാറ്റണം.
- വൃദ്ധരുടെ താവളമായി മാറാനുള്ള സാധ്യത കർമ്മോത്സുകരായ യുവജനങ്ങൾ നിറഞ്ഞ സംസ്ഥാനത്തിനു വഴിമാറും.

ഏതു നിലയിലുള്ള ജനപ്രതിനിധികൾ ആണെങ്കിലും അവർക്കുണ്ടായിരിക്കേണ്ട പ്രഥമയോഗ്യത കാഴ്ച്ചപ്പാടിൻ്റെ മികവായിരിക്കണം. മരിച്ചിടത്തും വിവാഹത്തിലും വാസ്തുബലിയ്ക്കും പങ്കെടുക്കുക, കാണുമ്പോൾ തോളിൽ കയ്യിടുക, പരിചയം പ്രകടിപ്പിക്കുക, റോഡിൻ്റെ കുഴിയടച്ചിട്ട് തൻ്റെ ഫ്ലക്സ് സമീപത്ത് പ്രദർശിപ്പിക്കുക എന്നതൊന്നും ആയിരിക്കരുത് മികച്ചജനപ്രതിനിധിയെ വിലയിരുത്താനുള്ള മാനദണ്ഡങ്ങൾ. ഇത് പൗരസമൂഹം പരിഗണിക്കുമ്പോഴേ ഉത്തമരായ പ്രതിനിധികളെ കണ്ടെത്തി മികവിലേയ്ക്ക് നാടിനെ എത്തിക്കാൻ കഴിയുകയുള്ളു.
കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജീവ് ചന്ദ്രശേഖർ ഈ രംഗത്ത് മാതൃകയാക്കാവുന്ന കാഴ്ച്ചപ്പാടുള്ള വ്യക്തിയാണ്. ഭാവി കേരളം എന്തായിരിക്കണമെന്ന് അദ്ദേഹത്തിൻ്റെ മനസ്സിൽ വ്യക്തമായ ചിത്രമുണ്ട്.
കേരളത്തിലെ യുവജനങ്ങളെ ക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. അവരുടെ വഴിയിലെ തടസ്സങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നാണ് അദ്ദേഹം ഭാവന ചെയ്യുന്നത്.
മികച്ച വിദ്യാഭ്യാസം നേടിയ ധാരാളം യുവതീയുവാക്കളുള്ള നാടാണ് കേരളം. എന്നാൽ ചിത്രമെഴുത്ത് പഠിപ്പിച്ചിട്ട് വരയ്ക്കാൻ അനുവദിക്കാത്തവരുടെ നടുവിൽ വീർപ്പുമുട്ടുന്ന സ്ഥിതിയിലാണ് കേരളത്തിലെ യുവത്വം. അതിനാൽ അവർ നാടുവിടുന്നു.
22 ലക്ഷം യുവജനങ്ങൾ വിദേശരാജ്യങ്ങളിലും മറ്റൊരഞ്ചുലക്ഷം പേർ ഇതര സംസ്ഥാനങ്ങളിലും ചേക്കേറാൻ കാരണം സ്വന്തംനാട്ടിൽ തങ്ങളുടെ ഭാവനയ്ക്കനുസരിച്ചുള്ള ജീവിതം സാധ്യമാകാത്ത തുകൊണ്ടാണ്. ഇത് ഭാവി കേരളത്തിൻ്റെ സാധ്യതകളിൽ കാളിമ പടർത്തുന്നു. കഴിവും ഭാവനയും ഉള്ളവർ ഉപേക്ഷിച്ചു പോകുന്ന നാടിനെ മുരടിപ്പ് ബാധിക്കും. അതിൻ്റെ തുടർച്ചകൾ അതിജീവനശേഷി ഇല്ലാതാക്കും.ഈ സാഹചര്യം ഒഴിവാക്കിയാൽ മാത്രമേ കേരളത്തിനിനി മുന്നേറാനാകൂ..
അഭ്യസ്തവിദ്യരായ യുവജനങ്ങളെ ഇവിടെ പിടിച്ചു നിർത്തുക എന്നതു മാത്രമാണ് ഏക പോംവഴി. അതിന് സഹായകമായ നടപടികൾക്കായിരിക്കണം ജനപ്രതിനിധികൾ പ്രഥമപരിഗണന നൽകേണ്ടത്.
രാജീവ് ചന്ദ്രശേഖർ ഈ വിഷയത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങളാണ് ആലോചിക്കുന്നത്. അദ്ദേഹത്തിൻ്റെ ചിന്തയിൽ രൂപപ്പെട്ട പോംവഴികളാണ് പങ്കു വെയ്ക്കുന്നത്.
അടുത്ത അഞ്ചുവർഷത്തിനിടെ താൻ മുൻഗണന നൽകാൻ പോകുന്ന അഞ്ച് പ്രധാന കാര്യങ്ങൾ ഇവയാണ്:
കേരളത്തെ സംരംഭങ്ങൾ തുടങ്ങാൻ ഇന്ത്യയിലെ ഏറ്റവും എളുപ്പമുള്ള സംസ്ഥാനമാക്കുക
ഒരു യുവാവിന് ഒരു ദിവസത്തിനകം കമ്പനി രജിസ്റ്റർ ചെയ്യാനും,
ഒരു മാസത്തിനകം അനുമതികൾ ലഭിക്കാനും,
മൂന്ന് മാസത്തിനകം നിക്ഷേപം കണ്ടെത്താനും കഴിയുന്ന രീതിയിലേക്ക് സംവിധാനങ്ങൾ മാറ്റണം.
ടെക്നോപാർക്കുകളും ഇന്നൊവേഷൻ ഹബ്ബുകളും വ്യാപിപ്പിക്കുക
ടെക്നോപാർക്കുകൾ മൂന്നിരട്ടിയാക്കുക,
ഓരോ ജില്ലയിലും ഇന്നൊവേഷൻ ഹബ്ബുകൾ സ്ഥാപിക്കുക,
കാസർകോട് മുതൽ കൊല്ലം വരെ യുവാക്കൾക്ക് സ്വന്തം ജില്ലയിൽ നിന്നുതന്നെ ആഗോളതലത്തിലുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള അവസരം ഒരുക്കുക.
യുവാക്കൾക്ക് ആഗോള നിലവാരത്തിലുള്ള നൈപുണ്യവും കേരളത്തിൽ തൊഴിലും
ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമായ സ്കിൽ പരിശീലനം,
കേന്ദ്രമന്ത്രിയായിരുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കേരളം ഉപയോഗിക്കാതെ പോകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തൽ തുടങ്ങിയവ വേണമെന്ന് അദ്ദേഹം പറയുന്നു. വലിയ അടിസ്ഥാനസൗകര്യ വികസനം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അതിവേഗ പാതകൾ,
പൊതുഗതാഗതം, ഫൈബർ ഇന്റർനെറ്റ്, സ്ഥിരമായ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ ശക്തമായ വികസനം വേണമെന്ന് പറയുന്നു. വികസനത്തെ തടസപ്പെടുത്താത്ത ഭരണസംവിധാനം
വേഗത്തിലുള്ള അനുമതികൾ, അഴിമതിയില്ലാത്ത ഭരണകൂടം, നിക്ഷേപകരെ സംരക്ഷിക്കുന്ന പൊലീസ്-ഉദ്യോഗസ്ഥ സംവിധാനം, ചുവപ്പുനാട കുറയ്ക്കൽ,
കൂടുതൽ കാര്യക്ഷമവും “സ്മാർട്ട്” ആയ ഭരണരീതി എന്നിവയാണ് ലക്ഷ്യമെന്ന് പറയുന്നു.
കേരളത്തിലെ യുവാക്കൾ തൊഴിലും അവസരവും തേടി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകേണ്ട സാഹചര്യം അവസാനിപ്പിക്കണം എന്നതിന് “വികസിത കേരളം” എന്ന ആശയം അദ്ദേഹം പ്രധാന രാഷ്ട്രീയ അജൻഡയായി അവതരിപ്പിക്കുന്നു. ഇതാണ് കാഴ്ച്ചപ്പാട്. ഇതിനനുസരിച്ചുള്ള ശ്രമങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടാകുമ്പോൾ നാട് അത്രയും നിക്ഷേപ സൗഹൃദമായി മാറും. 140 ജനപ്രതിനിധികളും ഇത്തരം കാഴ്ച്ചപ്പാടുകൾ ഉള്ളവരും അതിനുവേണ്ടി ശ്രമിക്കുന്നവരുമാകുമ്പോൾ യുവജന സൗഹൃദ സംസ്ഥാനമായി കേരളം വളരും.വൃദ്ധരുടെ താവളമായി മാറാനുള്ള സാധ്യത കർമ്മോത്സുകരായ യുവജനങ്ങൾ നിറഞ്ഞ സംസ്ഥാനത്തിനു വഴിമാറും.


