കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ നേതാക്കള്‍ക്കെതിരെ എന്തുകൊണ്ടാണ് പാര്‍ട്ടി നടപടി എടുക്കാത്തതെന്ന് വി.ഡി സതീശന്‍. അയ്യപ്പന്‍റെ സ്വര്‍ണം പാര്‍ട്ടി നേതാക്കള്‍ മോഷ്ടിച്ചു എന്നാണ് കണ്ടെത്തിയത്. കുറ്റപത്രം സമര്‍പ്പിക്കാത്തതു കൊണ്ടാണ് പ്രതികള്‍ പുറത്തുവന്നത്. എന്തിനു വേണ്ടിയാണ് ഇവരെ സിപിഎം സംരക്ഷിക്കുന്നത്. മന്ത്രിമാരുടെ പേര് പുറത്തുപറയുമെന്ന ഭയമാണോ പാര്‍ട്ടിക്ക് എന്നാണ് വി.ഡി. സതീശന്‍ ചോദിക്കുന്നത്.
എന്തുകൊണ്ടാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കാത്തത്
ജയിലിലായ സിപിഎം നേതാക്കന്‍മാര്‍ക്കെതിരെ എന്തുകൊണ്ടാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണം. അയ്യപ്പന്‍റെ സ്വര്‍ണം മോഷ്ടിച്ച, ദ്വാരപാലക ശില്‍പം കൊണ്ടുപോയി കോടീശ്വരന് വിറ്റ് ചെമ്പില്‍ ഉണ്ടാക്കി തിരിച്ചു കൊണ്ടുവന്നുവെന്ന ഗുരുതരമായ ആരോപണം നിലനില്‍ക്കുകയും നിരവധി ദിവസം ജയിലില്‍ കിടക്കുകയും ചെയ്തവര്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കാത്തതു കൊണ്ട് മാത്രം ജാമ്യം കിട്ടി.അവരെ എന്തുകൊണ്ടാണ് സിപിഎം സംരക്ഷിക്കുന്നത്. കവര്‍ച്ച കേസില്‍ ഉള്‍പ്പെട്ട നേതാക്കള്‍ ഇപ്പോഴും സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗമായി ഇരിക്കുകയാണ്. സിപിഎം അവരെ പൂര്‍ണമായും സംരക്ഷിക്കുകയാണോ? അവര്‍ക്കെതിരായി എന്തുകൊണ്ട് അച്ചടക്ക നടപടി സ്വീകരിക്കുന്നില്ല?
കവര്‍ച്ചക്കാര്‍ക്കും കൊള്ളക്കാര്‍ക്കും കുട പിടിച്ചു നല്‍കുന്ന സര്‍ക്കാരാണിത്.
മുന്‍മന്ത്രിമാരുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും പേര് അവര്‍ പുറത്തുപറയുമെന്ന ഭയം കൊണ്ടാണോ അവരെ സംരക്ഷിക്കുന്നത്. എന്ത് സമ്മര്‍ദമാണ് അതിന് പിന്നിലുള്ളത്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അത് കേരളത്തിലെ ജനങ്ങളോട് പറയാനുള്ള ബാധ്യതയുണ്ട്. കവര്‍ച്ച ചെയ്ത ആളുകള്‍ക്ക് പൂര്‍ണമായ സംരക്ഷണമാണ് സര്‍ക്കാരും പാര്‍ട്ടിയും നല്‍കുന്നത്. കവര്‍ച്ചക്കാര്‍ക്കും കൊള്ളക്കാര്‍ക്കും കുട പിടിച്ചു നല്‍കുന്ന സര്‍ക്കാരാണിത്. പുറത്തുവന്നപ്പോള്‍ അവരെ ചുവന്ന മാലയിട്ട് സ്വീകരിച്ചില്ല. എന്നാല്‍ ആശ്വസിപ്പിച്ച് കൂടെയുണ്ടെന്ന വാക്ക് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
