ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃതദേഹങ്ങൾ വിട്ടുനൽകാതെ സമരം നടത്തി. സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ സമരത്തിൽ പങ്കെടുത്തു. കാരക്കുന്ന് സ്വദേശികളായ രവി (59), അപ്പി എന്ന ലിംഗരാജ് (62) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടുകാർ തടഞ്ഞുവച്ചത്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാട്ടാനകളെ ഉൾവനത്തിലേക്കു തുരത്തിയോടിക്കുക, ഇരുവരുടെയും മക്കൾക്ക് സർക്കാർ ജോലി നൽകുക, വനാതിർത്തിയിലെ കിടങ്ങ് നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഉറപ്പിനെത്തുടർന്ന് മൃതദേഹങ്ങൾ വിട്ടുനൽകി
ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരൻ, ഡിഎഫ്ഒ ദേവരാജ്, ഡിവൈഎസ്പി വസന്തകുമാർ, തഹസിൽദാർ മുത്തുമാരി, എംഎൽഎ പൊൻ ജയശീലൻ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കെ.പി. മുഹമ്മദ് ഹാജി, യൂനുസ് ബാബു, വാർഡ് കൗണ്‍സിലർമാരായ മുകേഷ്, ജോസ്, എച്ച്. നാസർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന ഉറപ്പിനെത്തുടർന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് മൃതദേഹങ്ങൾ വിട്ടുനൽകി നാട്ടുകാർ സമരം അവസാനിപ്പിച്ചത്. മൃതദേഹങ്ങൾ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
