ഭുവനേശ്വർ: ഒഡീഷയിൽ കത്തോലിക്കാ ദേവാലയത്തിനുനേരേ ആക്രമണം. റായഗഡ ജില്ലയിലെ ദെംഗാസ്വാർഗി ഗ്രാമത്തിലെ സെന്റ് പൗള മോണ്ടെൽ പള്ളിക്കു നേരേയാണ് കഴിഞ്ഞദിവസം തീവ്ര ഹിന്ദുത്വവാദികളായ ഗ്രാമവാസികൾ ആക്രമണം നടത്തിയത്. പള്ളിയുടെ മുഖവാരം തകർത്ത അക്രമിസംഘം വാതിൽ തല്ലിത്തകർത്ത് അകത്തുകയറി അൾത്താരയും തിരുസ്വരൂപങ്ങളും നശിപ്പിക്കുകയും വിശുദ്ധ വസ്തുക്കൾ പുറത്തേക്കു കൊണ്ടുപോയി തീയിടുകയും ചെയ്തു. പള്ളിക്കുള്ളിലെ കസേരകൾ, ഫാനുകൾ, ലൈറ്റുകൾ എന്നിവ തല്ലിത്തകർത്ത അക്രമിസംഘം പള്ളിപ്പരിസരത്തെ കുഴൽക്കിണർ അശുദ്ധമാക്കി.
ഒരുസംഘം ഗ്രാമവാസികൾ സംഘടിച്ചെത്തി അതിക്രമം നടത്തുകയായിരുന്നു.
സംഭവദിവസം രാത്രി ഏഴോടെ ഒരുസംഘം ഗ്രാമവാസികൾ സംഘടിച്ചെത്തി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് റായഗഡയിലെ കത്തീഡ്രൽ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു. ഭയപ്പെട്ട കുടുംബാംഗങ്ങൾ തങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭയത്താൽ വീടുകൾക്കു പുറത്തിറങ്ങാൻ തയാറായില്ല. ഇതോടെ പിന്തിരിഞ്ഞുപോയ അക്രമിസംഘം രാത്രി ഒമ്പതോടെ സ്ഥലത്തെ പള്ളിയിൽ സംഘടിച്ചെത്തി അതിക്രമം നടത്തുകയായിരുന്നു.
പള്ളി നിർമിച്ചത് അനധികൃതമായാണെന്ന് ആരോപണമുന്നയിച്ചിരുന്നു.
പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഒരു ക്രൈസ്തവ വിശ്വാസി സംഭാവന ചെയ്തതാണെങ്കിലും പള്ളി നിർമിച്ചത് അനധികൃതമായാണെന്ന് നേരത്തേ മുതൽ ഒരുസംഘം ഹിന്ദുത്വവാദികൾ ആരോപണമുന്നയിച്ചിരുന്നു. കൂടാതെ ക്രൈസ്തവർ വാഹനങ്ങൾ ഉപയോഗിക്കുന്നതും മിഷൻ പ്രദേശത്തെ സിസ്റ്റേഴ്സ് അടുത്തിടെ തങ്ങളുടെ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷിച്ചതുമാണ് തീവ്ര ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.
ക്രൈസ്തവ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് അധികൃതർ
റായഗഡ് ബിഷപ് ആപ്ലിനാർ സേനാപതിയുടെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പോലീസിന്റെ നേതൃത്വത്തിൽ ഇരു സമുദായങ്ങളുടെയും പ്രതിനിധികൾ ചേർന്നു സമാധാനസമിതി രൂപീകരിച്ചിട്ടുണ്ട്. ക്രൈസ്തവ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമത്തിൽ പോലീസ് സാന്നിധ്യം തുടരും.ക്രൈസ്തവർക്ക് പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകുമെന്നും അധികൃതർ ഉറപ്പുനൽകി. താത്കാലിക ക്രമീകരണമെന്ന നിലയിൽ ഗ്രാമത്തിലെ തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
