റാഞ്ചി, 2026 ജൂൺ 4 –
സഖ്യകക്ഷികൾക്കിടയിൽ അസംതൃപ്തി
ജാർഖണ്ഡിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളായ ആർ.ജെ.ഡിയും സി.പി.ഐ(എം.എൽ)യും കോൺഗ്രസിനും ജാർഖണ്ഡ് മുക്തി മോർച്ചയ്ക്കുമെതിരെ അതൃപ്തി പരസ്യമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഇരു പാർട്ടികളും ആരോപിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടും പ്രധാന തീരുമാനങ്ങളിൽ തങ്ങളെ ഉൾപ്പെടുത്തുന്നില്ലെന്നാണ് അവരുടെ പരാതി.
നിർണായക വോട്ടുകളുണ്ടെങ്കിലും കൂടിയാലോചനയില്ല
81 അംഗ നിയമസഭയിൽ ആർ.ജെ.ഡിക്ക് നാല് അംഗങ്ങളും സി.പി.ഐ(എം.എല്ലിന്) രണ്ട് അംഗങ്ങളുമാണുള്ളത്. രണ്ടാം രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഈ വോട്ടുകൾ നിർണായകമാകുന്ന സാഹചര്യത്തിലാണ് അവഗണന ആരോപണം ഉയർന്നിരിക്കുന്നത്. ജെ.എം.എം നേത്യത്വത്തിലുള്ള ഭരണസഖ്യത്തിന് ആകെ 56 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും സ്ഥാനാർഥി നിർണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രത്തിലും തങ്ങളുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് ആർ.ജെ.ഡി നേതാക്കൾ വ്യക്തമാക്കി.
ബി.ജെ.പിയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് സി.പി.ഐ(എം.എൽ)
സി.പി.ഐ(എം.എൽ) സംസ്ഥാന നേതൃത്വം ഇതുവരെ ഔപചാരിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രധാന ലക്ഷ്യം ബി.ജെ.പിയുടെ വിജയസാധ്യത തടയുകയാണെന്നും പാർട്ടി അറിയിച്ചു. ജെ.എം.എമ്മും കോൺഗ്രസും തമ്മിൽ രണ്ടാം സീറ്റിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സഖ്യത്തിനുള്ളിലെ ഈ അസ്വാരസ്യം പുറത്തുവന്നിരിക്കുന്നത്.