കണ്ണൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 358 പേർ. ഇതിൽ 294 പേർ കാട്ടാനയാക്രമണത്തിലും . 52 പേർ കാട്ടുപന്നി ആക്രമണത്തിലും ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 1204. 2021 ജനുവരി മുതൽ 2026 ഫെബ്രുവരി 16 വരെയുള്ള കണക്കുകളാണിത്. കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ)പുറത്തുവിട്ട കണക്കുകളാണിത്.
വന്യജീവി ആക്രമണം തടയാൻ സർക്കാരോ വനംവകുപ്പോ ഒന്നും ചെയ്തില്ല
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വന്യജീവി ആക്രമണം തടയാൻ സർക്കാരോ വനംവകുപ്പോ ഒന്നും ചെയ്തില്ലെന്നാണ് ഉയരുന്ന മരണനിരക്ക് സൂചിപ്പിക്കുന്നത്. ആന, കാട്ടുപന്നി എന്നിവയ്ക്ക് പുറമെ കാട്ടുപോത്ത്, കടുവ എന്നിയുടെ ആക്രമണത്തിലും മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്. 2025 ലാണ് ഏറ്റവും കൂടുതൽ പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. 117 പേരാണ് മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം 35 പേർ കൊല്ലപ്പെട്ടു.
273 പഞ്ചായത്തുകളിലാണ് വന്യജീവി ആക്രമണങ്ങൾ നടക്കുന്നത്
സംസ്ഥാനത്ത് 75 നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലുള്ള 273 പഞ്ചായത്തുകളിലാണ് വന്യജീവി ആക്രമണങ്ങൾ നടക്കുന്നത്. ഇതിൽ 30 പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടുകളാണ്. ഹോട്ട് സ്പോട്ട് പഞ്ചായത്തുകളെത്തന്നെ തീവ്രസംഘർഷ ബാധിത പ്രദേശമെന്നും സംഘർഷബാധിത പ്രദേശമെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഈ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം ഒഴിവാക്കാൻ സോളാർ വേലിക്കു പുറമേ, വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിയുന്നത് തടയാൻ റെയിൽ വേലി, ആനക്കിടങ്ങ്, ആനമതിലുകൾ എന്നിവയും നിർമിക്കുമെന്ന് പറഞ്ഞിരുന്നു.
അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.
ചിലയിടങ്ങളിൽ നിർമാണം പാതിവഴിയിലാണ്. ചിലയിടത്ത് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. വേനൽ കടുക്കുന്പോൾ കാടിനുള്ളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതോടെ ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലേക്ക് വരുന്നതിന്റെ എണ്ണം വർധിക്കാനാണു സാധ്യത. അതിനാൽ, വന്യജീവികളുടെ കടന്നുവരവ് തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കിഫ ഉൾപ്പെടെയുള്ള കർഷക സംഘടനകളുടെ ആവശ്യം.
.
