കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട നോട്ടീസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതി ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്കി.കിഫ്ബി ഫെമ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇഡി നല്കിയ കാരണംകാണിക്കല്‍ നോട്ടീസിനെതിരായ ഹര്‍ജിയില്‍ കഴിഞ്ഞദിവസം തുടര്‍നടപടികള്‍ മൂന്നു മാസത്തേക്കു തടഞ്ഞിരുന്നു. ഫെമ ലംഘനം നടന്നതായ റിപ്പോര്‍ട്ടില്‍ അഡ്ജൂഡിക്കേറ്റിംഗ് അഥോറിറ്റി നല്കിയതു കാരണം കാണിക്കല്‍ നോട്ടീസാണെന്നും തുടര്‍നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് നടപടി തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
അപ്പീല്‍ ഹര്‍ജി തീര്‍പ്പാകും വരെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഇടക്കാല ആവശ്യം
കാരണം കാണിക്കല്‍ നോട്ടീസില്‍ തര്‍ക്കം ഉന്നയിക്കാന്‍ ഫെമ നിയമപ്രകാരം ബന്ധപ്പെട്ട അപ്പലേറ്റ് അഥോറിറ്റിയെയാണു സമീപിക്കേണ്ടതെന്നാണ് അപ്പീല്‍ ഹര്‍ജിയിലെ വാദം. വസ്തുതാപരവും നിയമപരവുമായുള്ള തര്‍ക്കം ഇവിടെ ഉന്നയിക്കാന്‍ കഴിയുമെന്ന വസ്തുത പരിഗണിക്കാതെയാണു സിംഗിള്‍ ബെഞ്ചിന്റെ നടപടിയെന്ന് അപ്പീലില്‍ പറയുന്നു. അപ്പീല്‍ ഹര്‍ജി തീര്‍പ്പാകും വരെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
.


