ദില്ലി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നും, തന്‍റെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള വാക്കുകള്‍ രാജ്യത്തിന്‍റെ അന്തസ് തകർക്കുന്നതാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഡൊണാള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ തന്നെ ദൂതനാക്കി അയച്ചെന്നാണ് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്. താൻ യഥാർത്ഥത്തിൽ യുഎസ് സുരക്ഷാ ഉപദേഷ്ടവുമായി കൂടിക്കാഴ്ച നടത്താനാണ് അമേരിക്കയിലേക്ക് പോയത്. ഡിസംബറില്‍ താൻ അമേരിക്ക സന്ദർശിച്ചപ്പോള്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പരാമർശങ്ങളിലൂടെ രാജ്യത്തിന്‍റെ പ്രതിച്ഛായയെ വ്രണപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറില്ല എന്നത് എല്ലാവർക്കുമുള്ള അറിവാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത്. ഇത്തരം പരാമർശങ്ങളിലൂടെ രാജ്യത്തിന്‍റെ പ്രതിച്ഛായയെ വ്രണപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നും വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ നുണകള്‍ രാഷ്ട്രീയമായി നേട്ടങ്ങള്‍ ഉദ്ദേശിച്ചിരിക്കാം. എന്നാല്‍ അത് വിദേശത്ത് നമ്മുടെ രാജ്യത്തിന്‍റെ സല്‍പ്പേര് ഇല്ലാതാക്കുകയാണെന്നും എസ് ജയശങ്കർ വിമർശിച്ചു.
