ഡല്‍ഹി: ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പിനു നിർദേശിക്കുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്‍ 2024 ഡിസംബർ 16 ന് ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനും ഡല്‍ഹി, ജമ്മു കാഷ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതിനും ആവശ്യമായ രണ്ടു ബില്ലുകളായിരിക്കും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍ ലോക്സഭയില്‍ അവതരിപ്പിക്കുക.
രാഷ്‌ട്രപതി വിജ്ഞാപനം ചെയ്യുന്ന നിശ്ചിത തീയതി യില്‍ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’പ്രാബല്യത്തില്‍ വരും
ഇരുസഭകളിലും എൻഡിഎയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭരണഘടനാഭേദഗതികള്‍ അവതരിപ്പിക്കില്ല. ബില്ലിന് കേന്ദ്ര മന്ത്രിസഭ ഡിസംബർ 12 വ്യാഴാഴ്ച അംഗീകാരം നല്‍കിയിരുന്നു. കരട് ബില്ലുകള്‍ അനുസരിച്ച്, ഒരു പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള ലോക്സഭയുടെ ആദ്യ സിറ്റിംഗില്‍ രാഷ്‌ട്രപതി വിജ്ഞാപനം ചെയ്യുന്ന നിശ്ചിത തീയതി യില്‍ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’പ്രാബല്യത്തില്‍ വരും. ഈ തീയതിക്കുശേഷം തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി ലോക്സഭയുടെ മുഴുവൻ കാലാവധിക്കൊപ്പം അവസാനിക്കുകയും അതുവഴി ഒരേസമയം തെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയും ചെയ്യും
