റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.മകളുടെ പരാതിയില്‍ അച്ഛനെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളിലെ കൗണ്‍സിലിംഗിനിടെ അച്ഛൻ പീഡിപ്പിച്ച കാര്യം മകള്‍ വെളിപ്പെടുത്തിയത്.

വിചാരണ നേരിടണമെന്നു കോടതി

പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവേ മകള്‍ പരാതി പിന്‍വലിക്കാന്‍ തയാറായി. തുടര്‍ന്ന് മകളുടെയും അമ്മയുടെയും മൊഴി കളവാണെന്നു ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണമെന്നു കോടതി നിലപാടെടുക്കുകയായിരുന്നു.ഇര സംഭവത്തിന്‍റെ ആഘാതത്തില്‍നിന്നു മുക്തയായാല്‍പ്പോലും കേസ് റദ്ദാക്കാനാകില്ലെന്ന് റാംജി ലാല്‍ ബൈര്‍വ ആന്‍ഡ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന്‍ കേസില്‍ സുപ്രീംകോടതിയുടെ സമീപകാല വിധിയെ അടിസ്ഥാനമാക്കിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ നിരീക്ഷണം.

സുപ്രീംകോടതി വിധി ബാധകം

15 വയസുള്ള വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ അധ്യാപകനെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ രാജസ്ഥാന്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ലൈംഗികാതിക്രമവും മറ്റു നിരവധി കുറ്റകൃത്യങ്ങളും ആരോപിക്കപ്പെടുന്ന ഈ കേസിലും സുപ്രീംകോടതി വിധി ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഗുരുതരമായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന്

പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു കേസ്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളില്‍നിന്നുള്ള സംരക്ഷണ നിയമത്തിലെ (പോക്‌സോ ആക്‌ട്) വിവിധ വകുപ്പുകള്‍ പ്രകാരമാണു പ്രതിക്കെതിരേ കേസെടുത്തത്. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും അമ്മയും പ്രതിക്കെതിരേ തെളിവ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടാണ് അച്ഛനെതിരേ പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചത്. എന്നാല്‍ ഗുരുതരമായ കേസുകള്‍ റദ്ദാക്കാനാകില്ലെന്നും പ്രതി വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *