മണിപ്പൂർ : മണിപ്പൂരിൽ രണ്ടു മാസത്തിനിടെ രണ്ടാം തവണയും കേന്ദ്ര മന്ത്രി ആർ.കെ രഞ്ജൻ സിംഗിന്റെ വീടിനു നേരെ ആക്രമണം സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജൻ സിംഗിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം നടത്തിയത്. സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് മന്ത്രി പാർലമെന്റിൽ സംസാരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മന്ത്രിയുടെ വീടിന് നേരെ കല്ലെറിഞ്ഞു. കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തുരത്തിയത്.
മണിപ്പൂർ സംഘർഷത്തിന് പിന്നിൽ ആദിവാസി ഭൂമി തട്ടിയെടുക്കാൻ ഉള്ള രാഷ്ട്രീയ ഗൂഡാലോചനയെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ ആരോപിച്ചു. മണിപ്പൂർ സംഘർഷം കേവലം സമുദായിക സംഘർഷമല്ലെന്നും, കുക്കി വിഭാഗത്തിന്റെ ഭൂമി തട്ടിയെടുക്കാൻ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ ഗൂഢാലോചന ആണെന്നുമായിരുന്നു മേധ പട്കറുടെ പ്രതികരണം. ബിജെപിക്കെതിരെ ഇടപെടൽ നടത്താൻ രാഷ്ട്രപതിക്ക് ആത്മവിശ്വാസവു ധൈര്യവും ഉണ്ടെന്ന് കരുതുന്നില്ല എന്നും മേധ പട്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത് എന്നും മേധ ആരോപിച്ചു.
അതിനിടെ കോർഡിനേഷൻ കമ്മറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി കൺവീനർ ജിതേന്ദ്ര നിങ്ങോമ്പക്കെതിരെ അസം റൈഫിൾസ് രാജ്യദ്രോഹ കേസ് ഫയൽ ചെയ്തു. ആയുധങ്ങൾ അടിയറവു വെക്കരുതെന്ന് ആഹ്വാനം ചെയ്തതിന് എതിരെയാണ് കേസ്. അസം റൈഫിൾസിനെതിരെ ജിതേന്ദ്ര നിങ്ങോമ്പ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. സംഘർഷങ്ങളിൽ അയവുവരാത്തതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തി എന്ന പരാതിയിൽ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിക്കുമെതിരെ മണിപ്പൂർ പൊലീസ് കേസെടുത്തു.

