കോഴിക്കോട്: വെള്ളിമാടുകുന്നിലെ ബോയിസ് ഹോമിൽ നിന്ന് 4 കുട്ടികൾ ചാടിപോയ സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ഹോം സൂപ്രണ്ട് ഉൾപ്പെടെ ജീവനക്കാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്ന് ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന സമിതി ഡയറക്ടർക്ക് സിഡബ്ല്യുസി റിപ്പോർട്ട് നൽകി.
കുട്ടികൾ ഒന്നേകാൽ മണിക്കൂറോളം സമയമെടുത്താണ് ശുചിമുറിയുടെ ഗ്രില്ലുകൾ തകർത്തത്. എന്നിട്ടും ജീവനക്കാർ അറിഞ്ഞില്ലാ എന്നത് ഗുരുതര വീഴ്ചയാണെന്നും നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. മുഴുവൻ സമയം സൂപ്രണ്ടിന്റെ സേവനം വേണമെന്ന ജെജെ ആക്ടും പാലിക്കപ്പെട്ടില്ല.
കുട്ടികൾക്കു ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളോ ചികിത്സയോ പരിഗണനയോ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ബാലവകാശ കമ്മീഷൻ അംഗം നാളെ നേരിട്ടെത്തി തെളിവെടുപ്പ് നടത്തും. കുട്ടികളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും.



