കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍നിന്നു വിരമിച്ച ഹര്‍ജിക്കാര്‍ക്ക് ആനൂകൂല്യമായി ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളില്‍ നല്‍കാമെന്ന മാനേജ്മെന്റിന്റെ വാഗ്ദാനം െഹെക്കോടതി അംഗീകരിച്ചു. ബാക്കി തുക കിട്ടുന്ന മുറയ്ക്കു മുന്‍ഗണന അനുസരിച്ചു നല്‍കുമെന്നും കെ.എസ്.ആര്.ടി.സി.ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആര്.ടി.സിയില്‍നിന്നു വിരമിച്ച 82 പേരാണ്ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാത്തതു നീതികേടാണെന്നും മനുഷ്യാവകാശലംഘനമാണ് നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പത്തു മാസംകൊണ്ടു മുഴുവന്‍ പേര്‍ക്കും ആനുകൂല്യം നല്‍കിക്കൂടേയെന്നു ചോദിച്ച െഹെക്കോടതി, വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം വിതരണം ചെയ്യുന്നതിനു വരുമാനത്തിന്റെ 10% മാറ്റിവയ്ക്കണമെന്നതു കോടതി ഉത്തരവാണെന്ന് ഓര്‍മിപ്പിച്ചു. ആരോടു ചോദിച്ചിട്ടാണ് അതു നിര്‍ത്തിയതെന്നു കോടതി ചോദിച്ചപ്പോള്‍ ഏപ്രില്‍ മുതല്‍ വീണ്ടും മാറ്റിവയ്ക്കാമെന്നു കെ.എസ്.ആര്.ടി.സി. അറിയിച്ചു.
എന്നാല്‍, മാര്‍ച്ച് മുതല്‍ നിര്‍ബന്ധമായും അതു ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. പെന്ഷന് ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ മാനേജിങ് ഡയറക്ടര്‍ക്കു കത്തു നല്കിയാല് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍ കെ.എസ്.ആര്.ടി.സി. കോര്‍പ്പസ് ഫണ്ട് പുനഃസ്ഥാപിക്കണമെന്നും ഇതില്‍ ഫണ്ട് വന്നാല്‍ എത്രയും വേഗം ബാക്കിയുള്ളവര്‍ക്കു പണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അടുത്ത മാസം 31നു ഹര്‍ജി വീണ്ടും പരിഗണിക്കും.
അതേസമയം, 3200 കോടി രൂപയുടെ വായ്പയുണ്ടെന്നും ഹര്ജിക്കാര്ക്കുമാത്രം 50% ആനുകൂല്യങ്ങള്‍ നല്കാന് എട്ടു കോടി വേണമെന്നും കെ.എസ്.ആര്.ടി.സി. ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവന് രാമചന്ദ്രന് പുറപ്പെടുവിച്ച ഉത്തരവില്‍ തിരുത്തല്തേടി അതേ ബെഞ്ചില്‍തന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് െഹെക്കോടതി ഇന്നലെ വിശദമായ വാദം കേട്ടത്.



