മരണത്തിലേക്ക് വീഴുന്ന നിമിഷങ്ങളിലും ശബ്ദങ്ങള്‍ കേള്‍ക്കുകയും തലച്ചോര്‍ തിരിച്ചറിയുകയും ചെയ്യുമെന്ന് പഠനം

കൊളംബിയ: മരണം അടുത്തെത്തുന്ന നിമിഷങ്ങളിലും മനുഷ്യന്റെ കേള്‍വിശക്തി പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തല്‍. പൂര്‍ണ ആരോഗ്യമുള്ള ആളുകളുടെയും മരണാസന്നരായ ഒരുസംഘം ആളുകളുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം ട്രാക്ക് ചെയ്താണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ ഗവേഷകര്‍ ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. ഇലക്ട്രോ എന്‍സഫലോഗ്രാഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തലച്ചേറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ മനസിലാക്കിയത്.

മരണാസന്നരായ രോഗികള്‍ ബോധാവസ്ഥയില്‍ ആയിരിക്കുമ്പോഴും മരണത്തോട് അടുത്ത് അബോധാവസ്ഥയിലായിരിക്കുമ്പോഴും അവരുടെ തലച്ചേറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. ഒപ്പം നോര്‍മല്‍ ആയ സംഘത്തിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ചു. എല്ലാവരുടേയും തലച്ചേറുകള്‍ പുറത്തുനിന്ന് കേള്‍ക്കുന്ന ശബ്ദങ്ങളോട് പ്രതികരിക്കുന്നതായി ഈ പരീക്ഷണങ്ങളില്‍നിന്ന് മനസിലായി.

ഈ പ്രവര്‍ത്തനം പൂര്‍ണമായ മരണംവരെ നീണ്ടുനിന്നേക്കാം. എന്നാല്‍, അവര്‍ കേള്‍ക്കുന്ന ശബ്ദം എന്താണെന്ന് വ്യക്തമായി തിരിച്ചറിയുന്നുണ്ടോ, ആളുകളെ തിരിച്ചറിയുന്നുണ്ടോ, ഭാഷയോ ആശയമോ അര്‍ഥമോ തിരിച്ചറിയുന്നുണ്ടോ എന്നൊന്നും വ്യക്തമല്ല. തീര്‍ച്ചയായും ശബ്ദങ്ങള്‍ തലച്ചേറില്‍ എത്തുകയും അവയോട് തലച്ചേര്‍ പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷക എലിസബത്ത് ബ്ലണ്ടന്‍ പറയുന്നു.

ഈ പഠനം ആരോഗ്യരംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. മരണാസന്നരായ രോഗികള്‍ക്ക് സമാധാനപൂര്‍ണമായ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ ബന്ധുക്കള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ കഴിയും. മരണം ഉറപ്പായ വ്യക്തിയുടെ സമീപം അയാള്‍ കേള്‍ക്കാനിഷ്ടമുള്ള ശബ്ദം (അത് ആരുടേതുമാവാം) കേള്‍പ്പിക്കാനായാല്‍ ഒരുപക്ഷേ ഏറ്റവും സ്വസ്ഥമായ അനുഭവമായി മരണത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ഇവരുടെ നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →