മലപ്പുറം, 2026 ജൂൺ 6 –
മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ 15 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ട്രാവലർ ഡ്രൈവറായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷും യാത്രക്കാരിയായ രമണി (60)യുമാണ് മരിച്ചത്.
കൊട്ടിയൂർ തീർഥാടനത്തിന് പോയ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിലുണ്ടായിരുന്ന യാത്രക്കാർ പാലക്കാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.