തിരുവനന്തപുരം ∙ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന് സർക്കാർ തൽക്കാലം ശമ്പളക്കുടിശിക നൽകില്ല.ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2016 ഒക്ടോബറിലാണ് ചിന്തയെ യുവജന കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. സേവന, വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നതു വരെ പ്രതിമാസം 50,000 രൂപ നൽകാനായിരുന്നു അന്നത്തെ തീരുമാനം,
2018 മേയിൽ ശമ്പളം ഒരു ലക്ഷം രൂപയാക്കി നിശ്ചയിക്കുകയും ചിന്തയ്ക്ക് ഈ തുക നൽകിത്തുടങ്ങുകയും ചെയ്തു. എന്നാൽ, അതിനു മുൻപ് 50,000 രൂപ വീതം കൈപ്പറ്റിയ 18 മാസത്തെ കുടിശികയായ 9 ലക്ഷം രൂപ അനുവദിക്കണമെന്ന് ചിന്ത സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തള്ളി. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോഴാണ് കുടിശിക അനുവദിച്ചത്.
18 മാസത്തെ കുടിശികയായ 9 ലക്ഷം രൂപ നൽകാൻ ധനവകുപ്പ് അനുമതി നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തുടർനടപടി സ്വീകരിക്കേണ്ടെന്നാണ് തീരുമാനം. അതിനാൽ ഉത്തരവും ഇറക്കിയിട്ടില്ല.ചിന്താ ജെറോമിന് ശമ്പളക്കുടിശിക നൽകിയാൽ യുഡിഎഫ് കാലത്ത് നിയമിച്ച യൂത്ത് കോൺഗ്രസ് നേതാവ് ആർ.വി.രാജേഷിനും കുടിശിക നൽകേണ്ടി വരും. 3 വർഷത്തെ കുടിശികയായി 18 ലക്ഷത്തോളം രൂപയാണ് രാജേഷിനു നൽകേണ്ടി വരുന്നത്.
അതേസമയം, താൻ കുടിശികയ്ക്കായി അപേക്ഷിച്ചിട്ടില്ലെന്ന ചിന്തയുടെ വിശദീകരണം തെറ്റാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. ആദ്യത്തെ അപേക്ഷ തള്ളിക്കൊണ്ടുള്ള കായിക യുവജനകാര്യ വകുപ്പിന്റെ ഉത്തരവിൽ ശമ്പളക്കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയത് ചിന്താ ജെറോം തന്നെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
