കൊല്ലം : ജോലി കിട്ടാനായി നാലു വർഷമായി നിയമപോരാട്ടത്തിലാണ് നിഷ. യഥാസമയം പിഎസ് സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്യാതെ ഉന്നത ഉദ്യോഗസ്ഥൻ മനഃപൂർവം വരുത്തിയ പിഴവിന്റെ പേരിൽ ജോലി നഷ്ടമായതിന്റെ വിഷമത്തിലാണ് കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിയായ നിഷ ബാലകൃഷ്ണൻ. റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം അർധരാത്രി 12 മണിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്ത നഗരകാര്യ ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ക്രൂരതയ്ക്കിരയായ ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ പറയുന്നു : ‘എന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയിട്ട് ആ ഉദ്യോഗസ്ഥൻ എന്തു നേടി ? ഇനിയൊരു പിഎസ്സി ടെസ്റ്റ് എഴുതി റാങ്ക് പട്ടികയിൽ വരാൻ കഴിഞ്ഞേക്കില്ലെന്നു പലവുരു ഞാൻ കാലുപിടിച്ചു പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്റെ ജീവിതം അയാൾ തുലാസിലാക്കി…’
‘ഇന്നു തന്നെ ഒഴിവ് പിഎസ്സിക്കു റിപ്പോർട്ട് ചെയ്യണേ’ എന്നു ഓഫിസിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ക്ലാർക്ക് ബിനുരാജിനോടു യാചിച്ചു പറഞ്ഞു. ‘ചെയ്യാം ചെയ്യാം’ എന്നായിരുന്നു മറുപടി. ആ മറുപടിയിൽ പ്രതീക്ഷയർപ്പിച്ചു ഞാൻ മടങ്ങി. 29നും 30നും പൊതു അവധി. 31ന് പലതവണ വിളിച്ചപ്പോഴും മറുത്തൊന്നും പറഞ്ഞില്ല. ഉള്ളിൽ ഇങ്ങനെയൊരു ക്രൂരത ഒളിപ്പിച്ചിരുന്നതായി സങ്കൽപിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പക തീർക്കാനെന്നോണം അന്ന് അർധരാത്രി കൃത്യം 12ന് അയാൾ ഒഴിവ് റിപ്പോർട്ട് ചെയ്തു കൊണ്ട് എറണാകുളം ജില്ലാ പിഎസ്സി ഓഫിസർക്കു മെയിൽ അയച്ചു. രേഖകൾ പ്രകാരം അതു പിഎസ്സി ഓഫിസിലെത്തിയത് 12.04ന്. ആ സാങ്കേതികതയിൽ എന്റെ പ്രതീക്ഷകൾ നിലച്ചു…’ നിഷയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
‘എന്റെ അറിവിൽ ഞാൻ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ അനിശ്ചിതകാല സമരത്തിൽ പങ്കെടുത്തു നിരാഹാരം കിടന്നു. പലപ്പോഴും നിരാഹാര പന്തലിൽ നിന്നിറങ്ങിയാണു തലസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫിസുകളും ഞാനും മറ്റുള്ളവരും കയറിയിറങ്ങിയത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യത നഗരകാര്യ ഡയറക്ടറുടെ ഓഫിസിൽ നിന്നാണെന്നറിഞ്ഞ് നൂറുതവണയെങ്കിലും അവിടെ പോയി. ‘തലസ്ഥാനത്തു വന്നു പട്ടിണികിടന്നു ചാവാനാണോ പ്ലാൻ..?’ എന്നായിരുന്നു ഒരിക്കൽ ചെന്നപ്പോൾ ചില ഉദ്യോഗസ്ഥരുടെ ചോദ്യം. ആർക്കും എതിരെയായിരുന്നില്ല, ജീവിക്കാൻ ഒരു തൊഴിലിനു വേണ്ടി മാത്രമായിരുന്നു ആ സമരം…’ നിഷ പറയുന്നു
ഒരോ ഫയലും ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ പലവട്ടം ഓർമിപ്പിച്ച മുഖ്യമന്ത്രി നിഷയുടെ പരാതി കേൾക്കണം. 2018 മാർച്ചിലാണിത്. ഒഴിവുകൾ പിഎസ്.സി ക്ക് റിപ്പോർട്ട് ചെയ്യാൻ നഗരകാര്യ വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് നിഷയുടെ എൽഡി ക്ളാർക്ക് ജോലി ഇല്ലാതാക്കിയത്. കൊച്ചി കോർപറേഷൻ ഓഫിസിലെ ഒഴിവ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന മാർച്ച് 31 ന് മുൻപ് പിഎസ്്സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. പലവട്ടം ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്യോഗാർഥികൾ ഓർമിപ്പിച്ചിട്ടും ബോധപൂർവം വൈകിപ്പിച്ചു. മാർച്ച് 31 അർധരാത്രി പന്ത്രണ്ടിനാണ് ഒഴിവുണ്ടെന്ന് പിഎസ്സിക്ക് ഇമെയിൽ അയച്ചത്.
നാലു സെക്കൻഡ് വൈകി 12.04 ന് ഇമെയിൽ ലഭിച്ചപ്പോഴേക്കും തൊട്ടടുത്ത ദിവസമായി. അർധരാത്രി 12 ന് മുൻപ് പി.എസ്.സി ക്ക് ഇമെയിൽ ലഭിക്കാത്തതിനാൽ റാങ്ക് പട്ടിക റദ്ദായി നിഷയ്ക്ക് ജോലിയും പോയി. ഹൈക്കോടതിെയ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. റിവ്യൂ പെറ്റീഷൻ നൽകിയിരിക്കുകയാണിപ്പോൾ. നഗരകാര്യ വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് റാങ്ക് ഹോൾഡേഴ്സ് സംഘടനകൾ ആവശ്യപ്പെടുന്നു
എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ 696–ാം റാങ്കുകാരിയായിരുന്നു നിഷ. 2015 മാർച്ച് 31 നു നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2018 മാർച്ച് 31നു തീർന്നു. അതിനു ദിവസങ്ങൾക്കു മുൻപ് 28 നാണ് കൊച്ചി കോർപറേഷനിലെ ഒഴിവ് (എൻജെഡി ഒഴിവ്) നഗരകാര്യ ഡയറക്ടറെ അറിയിക്കുന്നത്. നഗരകാര്യ ഡയറക്ടർ ഓഫിസിൽ ഈ ഇമെയിൽ വരുമ്പോൾ നിഷയും റാങ്ക് പട്ടികയിലെ മറ്റ് ഉദ്യോഗാർഥികളും അവിടെയുണ്ടായിരുന്നു.
അന്നത്തെ പിഎസ്സി അംഗം ആർ.പാർവതീ ദേവിയെ (മന്ത്രി വി. ശിവൻകുട്ടിയുടെ ഭാര്യ) കണ്ടു വിവരങ്ങളെല്ലാം ധരിപ്പിച്ചതാണ്. പിഎസ്സി യോഗത്തിൽ എതിർപ്പുണ്ടായി എന്നു പറഞ്ഞ് അപേക്ഷ നിരസിച്ചതായും നിഷ പറയുന്നു

