പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുളളതിനാൽ നിർബന്ധമായും കരുതൽ ഡോസ് എടുക്കേണ്ടതാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽ തന്നെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. എയർപോർട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി അഭ്യർഥിച്ചു.

ആരോഗ്യ വകുപ്പിന്റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു കൂട്ടി. സംസ്ഥാനത്ത് കോവിഡ് കേസുകൾ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കോവിഡ് കേസുകൾ നിലവിൽ ആയിരത്തിൽ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സ്ഥിരമായി സാമ്പിളുകൾ അയച്ചു വരുന്നു. പുതിയ സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷൻ, കിടക്കകൾ, ഐസിയു ഉപയോഗം കൃത്യമായി എന്നിവ നിരീക്ഷിക്കാൻ മന്ത്രി നിർദേശം നൽകി.

ഇൻഫ്‌ളുവൻസ കേസുകളും കോവിഡും റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ഇൻഫ്‌ളുവൻസയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതാണ്. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽതന്നെ അവർ കൂടുതൽ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവർത്തകരും അനുബന്ധ രോഗമുള്ളവരും നിർബന്ധമായും കരുതൽ ഡോസ് എടുക്കേണ്ടതാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →