കൊല്‍ക്കത്ത: ബംഗാളില്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ ബംഗ്ലാദേശ് പൗരനെ തല്ലിക്കൊന്നു. അതിര്‍ത്തി പ്രദേശമായ ജല്‍പായ്ഗുരി ജില്ലയിലെ ബറുവ പാറയിലായിരുന്നു സംഭവം. പശുക്കളെ മോഷ്ടിക്കാനായി ബംഗ്ലാദേശില്‍ നിന്നുള്ള സംഘം 23/08/22 ചൊവ്വാഴ്ച രാത്രി ഇന്ത്യയിലേക്കു കടന്നിരുന്നു.ഇതേക്കുറിച്ച് വിവരം ലഭിച്ചതോടെ നാട്ടുകാര്‍ സംഘടിക്കുകയും മോഷ്ടാക്കളെ തുരത്തുകയും ചെയ്തു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും അതിര്‍ത്തി കടന്നു ബംഗ്ലാദേശിലേക്കു പോകുന്നതില്‍ വിജയിച്ചു. അവശേഷിച്ചയാള് അടുത്തുള്ള തേയിലത്തോട്ടത്തില്‍ അഭയംതേടി. എന്നാല്‍, രാത്രി മുഴുവന്‍ കാത്തിരുന്ന നാട്ടുകാര്‍ നേരം പുലര്‍ന്നതോടെ ഇയാളെ പിടികൂടി മര്‍ദിച്ചു കൊലപ്പെടുത്തി. ബംഗ്ലാദേശിലെ രംഗ്പൂര് ഡിവിഷനിലെ പഞ്ചഗഡ് സ്വദേശി മുഹമ്മദ് സലാം ആണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

