വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. പ്രതിപക്ഷം നിയമസഭയിൽ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നുകാണിച്ചപ്പോൾ യുഡിഎഫ് എംഎൽഎമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടെത്. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്ക് എതിരെ ഉയരുന്ന വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നതെന്ന് സുധാകരൻ ആരോപിച്ചു.

പോഷകാഹാരക്കുറവും, മറ്റു രോഗവ്യാപനവും ശിശുമരണങ്ങളിലേക്ക് വഴിവെയ്ക്കുന്നു.ഇവിടങ്ങളിൽ ഊരുകളിലെ പട്ടിണി അകറ്റാനായി നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ഏതാണ്ട് നിലച്ചമട്ടാണ്. സൗജന്യ ചികിത്സ ഉറപ്പാക്കാൻ നൽകിയ തുകപോലും വകമാറ്റുന്ന സ്ഥിതിയുണ്ടായി. ഇതെല്ലാം മറച്ചുവെച്ചാണ് ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന്റെ മേൽ കുതിര കയറുന്നതെന്നും സുധാകരൻ പറഞ്ഞു.

സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിന് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളുടെ ശോചനീയാവസ്ഥയും ആവശ്യത്തിന് ഡോക്സർമാരും പാരമെഡിക്കൽ സ്റ്റാഫുമില്ലാത്തതും ഇതിന് തിരിച്ചടിയായി. കൂടുതൽ ജീവനക്കാരെ നിയമിച്ച് അട്ടപ്പാടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.

ഈ വർഷം അട്ടപ്പാടിയിൽ മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം ഏഴാണ്. കഴിഞ്ഞ മാസം മാത്രം മൂന്ന് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മരിച്ചത്. ആറ് മാസത്തിനിടെ 10 ശിശുക്കൾ ഇവിടെ മരിച്ചുയെന്നാണ് കണക്ക്. ജനകീയ പ്രശ്നങ്ങൾ പ്രതിപക്ഷം ഉയർത്തി കാട്ടുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തുന്ന സർക്കാർ നിലപാട് ഒട്ടും ഭൂഷണമല്ല. ജനകീയ വിഷയങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുന്നതിന് പകരം എത്രയും വേഗം അവയ്ക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.

അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി രണ്ട് കിലോമീറ്റർ ദൂരമാണ് പിതാവിന് നടക്കേണ്ടി വന്നത്. ഹൃദയഭേദകമായ ഇത്തരം കാഴ്ചകളാണോ സർക്കാർ അട്ടിപ്പാടിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കിയ സേവനങ്ങളുടെ ഗുണമേന്മ. ഇവിടെത്തെ അന്തേവാസികളുടെയും ഊരുകളുടെയും ദുരവസ്ഥയുടെ നേർചിത്രം കൂടിയാണ് ഈ സംഭവം. അട്ടപ്പാടിയിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് സർക്കാർ കൂടുതൽ പ്രാധാന്യം നൽകണം. ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മാത്രം എന്തെങ്കിലും ചെയ്തുവെന്ന് വരുത്തുന്നത് ഒട്ടും ഉചിതമല്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇവിടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. അത് പരിഹരിക്കാനും പരിശോധിക്കാനും സർക്കാരിന് കഴിയാതെ പോകുന്നുയെന്നും സുധാകരൻ കുറ്റപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →