ന്യൂഡല്‍ഹി: ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ നടത്തിയ നികുതി വെട്ടിപ്പ് കണ്ടെത്തി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). നികുതി ഒഴിവാക്കുന്നതിനായി വിവോ 62,476 കോടി രൂപയുടെ വിറ്റുവരവ് ചൈനയിലേക്കു മാറ്റിയെന്നാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിവോയുടെ വിവിധ അക്കൗണ്ടുകളിലെ 465 കോടി രൂപ ഇ.ഡി. മരവിപ്പിച്ചു. 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് മരവിപ്പിച്ചത്.രാജ്യവ്യാപകമായി 48 സ്ഥലങ്ങളിലെ വിവോ ഓഫീസുകളില്‍ ഇഡി നടത്തിയ റെയ്ഡുകളില്‍ 73 ലക്ഷം രൂപയും രണ്ടു കിലോ സ്വര്‍ണവും പിടിച്ചെടുത്തു.വിവോ മൊബൈല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അവരുമായി ബന്ധപ്പെട്ട 23 സഹ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേ രണ്ടു ദിവസം മുമ്പ് ഇ.ഡി. കേസെടുത്തിരുന്നു. വിവോയും സഹ സ്ഥാപനങ്ങളും വ്യാജരേഖകള്‍ ചമച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഇ.ഡി. അറിയിച്ചു.അന്വേഷണവുമായി വിവോ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി. ആരോപിച്ചു. ഇ.ഡി. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ പലയിടത്തും ചൈനീസ് പൗരന്മാരടക്കമുള്ള ജോലിക്കാര്‍ ഒളിവില്‍ പോയി. ഡിജിറ്റല്‍ തെളിവുകളും നശിപ്പിച്ചതായി ആരോപണമുണ്ട്. ഇന്ത്യന്‍ മൊെബെല്‍ ഫോണ്‍ വിപണിയില്‍ വിവോയ്ക്ക് 15 ശതമാനം പ്രാതിനിധ്യമുണ്ടെന്നാണ് കണക്കുകള്‍. സി.ബി.ഐയും വിവോയ്ക്കെതിരേ അന്വേഷണം നടത്തുന്നുണ്ട്.



