റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

 
മൂന്ന്ദിനം നീണ്ട റവന്യൂകലോത്സവത്തിന് ആവേശകരമായ പരിസമാപ്തി

തൃശൂരിന് കലാകിരീടം

അടുത്ത വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിപുലമായ രീതിയില്‍ റവന്യൂ കലോത്സവം നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. കേരളത്തിലെ ഭൂമിസംബന്ധമായ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഇമവെട്ടാതെ നോക്കിനടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ റവന്യൂ കലോത്സവം സഹായിക്കും. മൂന്ന് ദിനം തൃശൂരില്‍ നടന്ന റവന്യൂ കലാപൂരത്തിന് ആവേശകരമായ പരിസമാപ്തികുറിച്ചുകൊണ്ടുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് ദിവസം കൊണ്ട് റവന്യൂവകുപ്പ് മഹനീയമായ കലാപ്രതിഭകളുടെ ഇടമാണെന്ന് തിരിച്ചറിഞ്ഞു. സ്‌കൂള്‍ യുവജനോത്സവത്തിലെ പ്രതിഭകളെ വെല്ലുന്ന പ്രകടനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവെച്ചത്. ചിട്ടയായ സംഘാടകത്വവും പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സഹായിച്ചു. റവന്യൂവകുപ്പ് ന്യൂജെനാകുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മേളയില്‍ 311 പോയന്റുകള്‍ നേടി സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ കന്നി കിരീടം സ്വന്തമാക്കി ആതിഥേയരായ തൃശൂര്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. 215 പോയന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തെത്തി. കലാതിലകമായി തൃശൂരിന്റെ റോമി ചന്ദ്രമോഹനും കലാപ്രതിഭയായി കെ ബി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. റവന്യൂവകുപ്പിന്റെ കലാബോധവും കഴിവുകളും മനസ്സിലാക്കുന്നതിനുള്ള അവസരമായി കലോത്സവം മാറിയതായി പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. ഐക്യത്തിന്റെ സന്ദേശം നല്‍കുന്ന വേദിയായി കലോത്സവം മാറി. അഭിമാനകരമായ കാല്‍വെയ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന വകുപ്പ് എന്ന നിലയില്‍ ഇത്തരം കലോത്സവങ്ങള്‍ അനിവാര്യമാണെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് പറഞ്ഞു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൂടുതല്‍ അനുകമ്പയും സര്‍ഗാത്മകതയും ഉള്ളവരാക്കി മാറ്റാന്‍ ഇത്തരം കലോല്‍സവങ്ങള്‍ സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അഭിപ്രായപ്പെട്ടു.

വന്‍ ജനപങ്കാളിത്തമാണ് മേളയുടെ തുടക്കം മുതല്‍ ദൃശ്യമായത്. ആദ്യദിനം നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. മൂന്ന്ദിവസവും നിറഞ്ഞ സദസ്സുകളിലാണ് പരിപാടികള്‍ അരങ്ങേറിയത്.  എട്ട് ഗ്രൂപ്പ് ഇനങ്ങള്‍ ഉള്‍പ്പെടെ 39 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളനത്തില്‍
റവന്യൂ കലാ-കായിക ഉല്‍സവത്തില്‍ വിജയികളായ ജില്ലകള്‍ക്കും കലാകാരന്‍മാര്‍ക്കുമുള്ള ട്രോഫികള്‍ വിതരണം ചെയ്തു. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ഫുട്‌ബോള്‍ താരം ജോപോള്‍ അഞ്ചേരി, സംവിധായകന്‍ പ്രിയനന്ദനന്‍, സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് പ്രിന്‍സ്, എന്‍ജിഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറി ആര്‍ സാജന്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ജില്ലാകലക്ടര്‍മാരായ പി കെ ജയശ്രീ (കോട്ടയം), ഷീബ ജോര്‍ജ്ജ് (ഇടുക്കി), എ ഗീത (വയനാട്), ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് (കാസര്‍ഗോഡ്) എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *