ആലപ്പുഴ: ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരിൽ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രകടനം. പ്രവർത്തകരുടെ വീടുകളിൽ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണൽ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു. ആർഎസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലിസ് എന്നും നവാസ് ആരോപിച്ചു.
കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 18 പേരെ 2022മെയ് 27ന് രാത്രി അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകർ എന്ന നിലയിലാണ് അറസ്റ്റ്. പ്രതികളെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. പകൽ ഹാജരാക്കിയാൽ സംഘർഷ സാധ്യത കണക്കിലെടുത്താണ് രാത്രി തന്നെ ഹാജരാക്കിയത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് ഇവരുടെ അറസ്റ്റ് .അതേസമയം, കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ 2022 മെയ് 31 ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുദ്രാവാക്യം വിളിച്ചവർ മാത്രമല്ല പരിപാടിയുടെ സംഘാടകർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
അറസ്റ്റിലായ പി എ നവാസ്, അൻസാർ എന്നിവരെ വിലങ്ങണിയിച്ച് കോടതിയിലേക്ക് കൊണ്ടുവന്നതിനെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി വിമർശിച്ചു. മേലിൽ വിലങ്ങണിയിക്കരുതെന്ന് പൊലീസിന് താക്കീത് നൽകി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴാണ് ഇവരെ മാവേലിക്കര സബ് ജയിലിൽ നിന്ന് വിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയത്. ഇക്കാര്യത്തിൽ ജയിൽ വകുപ്പിനോട് വിശദീകരണം തേടുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. പ്രതികളെ വിലങ്ങണിയിച്ചത് സുപ്രീം കോടതി നിർദ്ദേങ്ങൾക്ക് എതിരെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് നടപടി.

