ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍.പി.ജി. സിലണ്ടറിന് വില വര്‍ധിപ്പിച്ചു. ഇന്നലെ വില 102.50 വര്‍ധിച്ചതോടെ 19 കിലോ ഭാരമുള്ള വാണിജ്യ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍.പി.ജി) സിലിണ്ടറിന് ഡല്‍ഹിയില്‍ 2,355.50 രൂപയായി ഉയര്‍ന്നു.
2,253 ആയിരുന്നു 19 കിലോയുടെ സിലിണ്ടറിന്റെ നേരത്തെയുള്ള വില. അഞ്ച് കിലോഗ്രാം എല്‍.പി.ജി. സിലിണ്ടറിന് ഇപ്പോള്‍ 655 രൂപ വിലവരുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് മൂന്നാമത്തെ വര്‍ധനയാണിത്. ഏപ്രില്‍ ഒന്നിന്, 19 കിലോ വാണിജ്യ എല്‍.പി.ജിയുടെ വില സിലിണ്ടറിന് 250 വര്‍ധിപ്പിച്ചു. മാര്‍ച്ച് ഒന്നിനും 105 കൂട്ടിയിരുന്നു. അതേസമയം, ഇന്നലെ ഉജ്ജ്വല ദിവസ് ആഘോഷത്തിന്റെ ഭാഗമായി എണ്ണ വിപണന കമ്പനികള്‍ രാജ്യത്തുടനീളം 5,000 എല്‍.പി.ജി. പഞ്ചായത്തുകള്‍ സംഘടിപ്പിച്ചു. പുതിയ ഗ്യാസ് കണക്ഷനുകള്‍ പ്രോല്‍സാഹിപ്പിച്ചാണ് ഉജ്ജ്വല ദിവസ്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നേതൃത്വത്തിലാണ് ഉജ്ജ്വല ദിവസ് സംഘടിപ്പിച്ചത്.




