കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 18.5 ഓവറില്‍ ലക്ഷ്യം കണ്ടു. സൂര്യകുമാര്‍ യാദവ് (18 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 24), വെങ്കടേഷ് അയ്യര്‍ (13 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 24) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്.നായകന് രോഹിത് ശര്‍മയും (19 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുമടക്കം 40) ഇഷാന് കിഷനും (42 പന്തില്‍ 35) ചേര്‍ന്ന് ഇന്ത്യക്കു മികച്ച തുടക്കം നല്കി. ഓപ്പണര്‍മാരും വിരാട് കോഹ്ലി (13 പന്തില്‍ 17), ഋഷഭ് പന്ത് (എട്ട് പന്തില്‍ എട്ട്) എന്നിവരും പുറത്തായത് ആശങ്കയുണ്ടാക്കി. വിന്‍ഡീസിനു വേണ്ടി റോസ്റ്റണ്‍ ചാസ് രണ്ട് വിക്കറ്റെടുത്തു. ഷെല്‍ഡണ്‍ കോട്രാലുഗ ഫാബിയന്‍ അലനും ഒരു വിക്കറ്റ് വീതവുമെടുത്തു. ടോസ് നേടിയ രോഹിത് ശര്‍മ വിന്‍ഡീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നികോളാസ് പൂരന്റെ (43 പന്തില്‍ അഞ്ച് സിക്സറും നാല് ഫോറുമടക്കം 61) ഇന്നിങ്സാണ് വിന്‍ഡീസ് ടോട്ടലിനു കരുത്ത് പകര്‍ന്നത്. 38 പന്തുകളിലാണു പൂരന് അര്‍ധ സെഞ്ചുറി കടന്നത്. പൂരന്റെ ട്വന്റി20 യിലെ ആറാമത്തെ അര്‍ധ സെഞ്ചുറി കൂടിയാണിത്. 24 പന്തില്‍ 31 റണ്ണെടുത്ത ഓപ്പണര്‍ കെയ്ല്‍ മായേഴ്സ്, നായകന് കെയ്റോണ്‍ പൊള്ളാഡ് (19 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 24) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ഓപ്പണര്‍ ബ്രണ്ടന്‍ കിങ് (നാല്), റോസ്റ്റണ്‍ ചേസ് (നാല്), റോമന്‍ പവെല്‍ (രണ്ട്), അകീല്‍ ഹൊസൈന്‍ (10), ഒഡെയ്ന്‍ സ്മിത്ത് (നാല്) എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കാതെ പുറത്തായി. 11 ഓവറിനുള്ളില്‍ നാലു വിക്കറ്റുകള്‍ ഇന്ത്യക്കു വീഴ്ത്താനായി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് അരങ്ങേറ്റക്കാരനായ ലെഗ് സ്പിന്നര്‍ രവി ബിഷ്നോയിയാണ്. നാലോവരില്‍ 17 റണ്‍ മാത്രം വിട്ടുകൊടുത്ത ബിഷ്ണോയ് രണ്ടു വിക്കറ്റുകളെടുത്തു. രണ്ടു വിക്കറ്റും ഒരേ ഓവറില്‍ തന്നെയായിരുന്നു. ഹര്‍ഷല്‍ പട്ടേലും ഇന്ത്യക്കായി രണ്ടു വിക്കറ്റുകളെടുത്തു. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഇന്ത്യക്കു ഗംഭീര തുടക്കമായിരുന്നു ഭുവനേശ്വര്‍ നല്‍കിയത്. ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ ഭുവി വിക്കറ്റെടുത്തു.
ബ്രണ്ടന്‍ കിങിനെ ഭുവി സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ മയേഴ്സ്- പൂരന് ജോഡി 47 റണ്‍ കൂട്ടിച്ചേര്‍ത്തു. ഈ ജോഡി ഇന്ത്യക്കു ഭീഷണിയാകവെ ചാഹല്‍ രക്ഷയ്ക്കെത്തിയത്. ഏഴാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ മായേഴ്സിനെ ചാഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. 11-ാം ഓവറില്‍ ബിഷ്ണോയി വിന്‍ഡീസിനെ ഞെട്ടിച്ചു.

