കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായ സ്വപ്ന സുരേഷ് മൊഴി നൽകാതെ മടങ്ങി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മടങ്ങുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു സ്വപ്ന ഇഡി ഓഫീസിൽ ഹാജരായത്.
രാവിലെ കൊച്ചിയിലെത്തിയ സ്വപ്ന സുരേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ആയിരുന്നു ഇ ഡി ഓഫീസിലെത്തിയത്. എന്നാൽ 10 മിനിറ്റിനുശേഷം സ്വപ്ന തിരികെയെത്തി. ആരോഗ്യ പ്രശ്നങ്ങൾ മൂലം ഇന്ന് ചോദ്യം ചെയ്യലിന് വിധേയമാകാൻ കഴിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥരെ നേരിട്ട് അറിയിച്ചതായി സ്വപ്ന പറഞ്ഞു. മറ്റൊരു ദിവസം ഹാജരാകുമെന്നും സ്വപ്ന അറിയിച്ചു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സജിത്തിന്റെ കാറിലായിരുന്നു സ്വപ്ന എത്തിയത്. സ്വപ്നയ്ക്കൊപ്പം സരിത്തും അഭിഭാഷകനെ കണ്ടിരുന്നു. പിന്നാലെയാണ് ഇ ഡി ഓഫീസിൽ ഹാജരാകാൻ കൊച്ചിയിലെത്തിയ സ്വപ്നയുടെ അപ്രതീക്ഷിത മടക്കം.



