ഗോവയില്‍ 78.94 ശതമാനവും ഉത്തരാഖണ്ഡില്‍ 59.51 ശതമാനവും പോളിങ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് ഗോവയില്‍ 78.94 ശതമാനവും ഉത്തരാഖണ്ഡില്‍ 59.51 ശതമാനവും പോളിങ്. ഇതിനൊപ്പം യു.പി. നിയമസഭയിലേക്കു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 61.72 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. അന്തിമ കണക്കെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ വ്യതിയാനത്തിനു സാധ്യതയുണ്ട്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നാണു വിവരം.

മൂന്നു സംസ്ഥാനങ്ങളിലുമായി 165 മണ്ഡലങ്ങളിലെ 1,519 സ്ഥാനാര്‍ഥികളുടെ വിധിയാണ് ഇന്നലെയെഴുതിയത്. 36,823 പോളിങ് സ്റ്റേഷനുകളാണ് 2.95 കോടിയോളം വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരുന്നത്. ഗോവയിലെ 40, ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്ക് ഒറ്റഘട്ടമായിട്ടായിരുന്നു പോളിങ്.

അതിശൈത്യത്തെ അവഗണിച്ചായിരുന്നു ഉത്തരാഖണ്ഡില്‍ വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനുകളിലെത്തിയത്. തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പോളിങ്‌ െവെകാതെ ചൂടുപിടിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍സിങ് ധാമി അടക്കമുള്ള പ്രമുഖര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പോളിങ് സ്റ്റേഷനില്‍ തെരഞ്ഞെടുപ്പു ചിഹ്നം പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് ധാമിക്കെതിരേ പ്രതിപക്ഷനിര രംഗത്തെത്തി. ധാമി ധരിച്ചിരുന്ന കാവിഷാളില്‍ ബി.ജെ.പി. ചിഹ്നമായ താമര ആലേഖനം ചെയ്തിരുന്നതാണു വിവാദമായത്. ഷാളണിഞ്ഞ് ഖാത്തിമയിലെ പോളിങ് സ്റ്റേഷനു പുറത്ത് ധാമിയും ഭാര്യയും അടക്കമുള്ളവര്‍ മഷിയടയാളം ഉയര്‍ത്തിക്കാട്ടുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ ചട്ടലംഘനം ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയില്‍ മികച്ച പോളിങ്ങാണു നടന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് മത്സരിക്കുന്ന സാന്‍ക്വെലിമ്മിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം. െവെകിട്ട് ആറുവരെയുള്ള കണക്കനുസരിച്ച് 89.64 ശതമാനം പേര്‍ ഇവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബിച്ചോലിം (87.84%), നോര്‍ത്ത് ഗോവ (79.84%), സൗത്ത് ഗോവ (78.15%) എന്നിങ്ങനെയാണ് വോട്ടിങ് ശതമാനത്തില്‍ മുന്നിലുള്ള മണ്ഡലങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →