റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: പുനര്‍ഗേഹം: നടപടികള്‍ ഊര്‍ജ്ജിതമാക്കി കയ്പമംഗലം

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന പുനര്‍ഗേഹം പദ്ധതിപൂര്‍ത്തീകരണത്തിനായുള്ള നടപടികള്‍ കയ്പമംഗലം നിയോജകമണ്ഡലത്തില്‍ ഊര്‍ജ്ജിതമാക്കുന്നു. പുനര്‍ഗേഹം പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുനര്‍ഗേഹം പദ്ധതി മണ്ഡലത്തില്‍ പൂര്‍ണ്ണമായും നടപ്പാക്കാനും അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിയമനടപടികള്‍ സുഗമമാക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നിലവില്‍ മണ്ഡലത്തിന്റെ തീരദേശ കണക്കെടുപ്പില്‍ 701 കുടുംബങ്ങള്‍ ഉണ്ടെങ്കിലും മാറി താമസിക്കാന്‍ തയ്യാറായി അപേക്ഷ തന്നിരിക്കുന്നത് 497 കുടുംബങ്ങളാണ്. അതില്‍ 323 കുടുംബങ്ങള്‍ മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭവന നിര്‍മ്മാണത്തിലേക്ക് കടന്നവരാണ്. ഈ പദ്ധതിയില്‍ ഭൂമി വാങ്ങിക്കുന്നവര്‍ക്ക് മുദ്രപത്ര ഇനത്തില്‍ ഫീസ് ഒഴിവാക്കിയതും കൂട്ടാവകാശത്തിലെ ഭുമിയില്‍ എല്ലാവരുടേയും സമ്മതതോടെ കുടുംബത്തിലെ ഒരാള്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അവസരം ഒരുക്കിയതും പുതിയ തീരുമാനത്തിന്റെ ഭാഗമാണെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. ഇനിയും അര്‍ഹരായവരുടെ നടപടിക്രമം പൂര്‍ത്തിയാക്കാത്തവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ബന്ധപ്പെട്ട വാര്‍ഡംഗങ്ങളുടെയും ഉദ്യോഗസ്ഥരുടേയും ഹെല്‍പ്പ് ഡെസ്‌ക്ക് അംഗങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനത്തോടെ ഫെബ്രുവരി 25ന് മുമ്പായി പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്ന സ്വപ്ന പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പിലാക്കിയത് തൃശൂര്‍ ജില്ലയിലാണ്. സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന ‘പുനര്‍ഗേഹം’ പദ്ധതിയുടെ ആദ്യഘട്ടം ജില്ലയിലെ കയ്പമംഗലം മണ്ഡലത്തിലാണ് തുടക്കം കുറിച്ചത്. തീരദേശപ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തില്‍ തന്നെ പുനര്‍ഗേഹം പദ്ധതി നടപ്പാക്കണം എന്ന ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആവശ്യപ്രകാരമാണ് പദ്ധതി കയ്പമംഗലത്ത് ആദ്യം നടപ്പാക്കപ്പെട്ടത്. 2,450 കോടിയുടെ പദ്ധതി സംസ്ഥാനത്തൊട്ടാകെ മൂന്നുഘട്ടമായി പൂര്‍ത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് വകയിരുത്തിയത്. 10 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബങ്ങള്‍ക്കും ഇതിനായി നല്‍കുന്നത്. ഇതില്‍ സ്ഥലം വാങ്ങി ബാക്കി മുഴുവന്‍ പണവും വീടു നിര്‍മിക്കുന്നതിന് ഉപയോഗിക്കാമെന്ന പുതിയ നിയമം കൂടി ഉള്‍പ്പെടുത്തിയതോടെ 10 ലക്ഷം രൂപയും ഗുണഭോക്താവിന് ലഭിക്കും എന്നതാണ് മറ്റൊരു പ്രയോജനം. പന്ത്രണ്ടുവര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് സ്ഥലം കണ്ടെത്തി വീടുനിര്‍മിക്കാന്‍ ഓരോകുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കുക. 12 വര്‍ഷത്തിന് ശേഷം കൈമാറിയാല്‍ അവരെ സര്‍ക്കാരിന്റെ മറ്റു ഭവന പദ്ധതികള്‍ക്ക് പരിഗണിക്കില്ല. 

ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജാ പി ജോസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജന്‍, ബിന്ദു രാധാകൃഷ്ണന്‍, എം എസ് മോഹനന്‍, വിനീത മോഹന്‍ദാസ്, ശോഭനാരവി, അഴീക്കോട് മത്സ്യഭവന്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ ലിസി പി ഡി, അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലീന തോമസ്, ഫിഷറീസ് ഓഫീസര്‍മാരായ ചിപ്പി കാദര്‍, അന്‍സില്‍ പി എം, മോട്ടിവേഷന്‍ കോഡിനേറ്റര്‍മാരായ അസ്ലഫ്, സംഗീത, ഷഫ്‌ന, വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, മോട്ടിവേഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *