ഇടുക്കി: മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ നടന്ന കൈക്കൂലി ഇടപാടിന്റെ ദൃശ്യങ്ങൾ പുറത്ത്. തമിഴ്‌നാട് സ്വദേശിയായ ഡോക്ടർ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടന്ന ഇടപാടിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ആനവിരട്ടി വില്ലേജിലെ മൂന്ന് പട്ടയ നമ്പറുകൾ ക്രമപ്പെടുത്താൻ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിൽ നടന്ന ചർച്ചയുടെ ദൃശ്യങ്ങളാണിവ. രണ്ട് തഹസിൽദാർമാരും ഒരു സർവേയറുമാണ് ദൃശ്യങ്ങളിൽ കുടുങ്ങിയത്.
ദേവികുളം തഹസിൽദാർ ആർ. രാധാകൃഷ്ണൻ, മൂന്നാർ സ്‌പെഷ്യൽ തഹസിൽദാർ പി.പി ജോയി, ദേവികുളം താലൂക്ക് സർവേയർ ഉദയകുമാർ എന്നിവരാണ് ദൃശ്യത്തിലുള്ളത്. മൂന്നാറിലെ കൈയേറ്റം തടയുന്നതിനും വ്യാജ പട്ടയങ്ങൾ കണ്ടെത്തുന്നതിനുമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ കൂടിയാണ് സ്‌പെഷ്യൽ തഹസിൽദാർ പി.പി. ജോയി. ഇതിനുമുമ്പും വഴിവിട്ട ഇടപാടുകൾ നടത്തി നടപടി നേരിട്ട ആളാണ് ഇദ്ദേഹം. നിയമവിരുദ്ധമായ പട്ടയം സാധൂകരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തഹസിൽദാർ ആർ. രാധാകൃഷ്ണൻ ഉപദേശം നൽകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
1993-ലെ പട്ടയമാണിതെന്ന് ഇവരുടെ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ആനവിരട്ടി വില്ലേജിലടക്കം വ്യാപകമായി രവീന്ദ്രൻ പട്ടയമെന്നും വൃന്ദാവൻ പട്ടയമെന്നും പിന്നീട് കുപ്രസിദ്ധി നേടിയ നിരവധി പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. ഈ പട്ടയങ്ങളുടെ പോക്കുവരവ് പിന്നീട് തടയുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തായതോടെ ഡോ.ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പോക്കുവരവ് ചെയ്യാൻ കഴിയില്ലെന്ന് കാട്ടി റിപ്പോർട്ട് നൽകി തടിയൂരാൻ ശ്രമത്തിലാണ് ഈ ഉദ്യോഗസ്ഥർ. പുറത്തുവന്ന വാർത്തകൾ ഗൗരവമുള്ളതാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

