കോട്ടയം: ശക്തമായ മഴയെ തുടർന്ന് കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍. കോട്ടയം കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. വീടുകളിലുള്ളവരെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു.
10/11/21 ബുധനാഴ്ച രാത്രി പ്രദേശത്ത് അതിശക്തമായ മഴയുണ്ടായിരുന്നു. രാത്രി 11 മണിക്ക് ശേഷമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. മണ്ണിടിഞ്ഞ് രണ്ടു പേര്‍ ചെളിയില്‍ പൂണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ സാഹസികമായി അവരെ രക്ഷപ്പെടുത്തുകയായിരുന്നു.
പലരും ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ സ്ഥലത്തുനിന്ന് മാറിയിരുന്നു. ഈ മുന്‍കരുതല്‍ വലിയൊരു അപകടം ഒഴിവാക്കി.
പത്തനംതിട്ട കൊക്കാത്തോട് വനമേഖലയിലും ഉരുൾപൊട്ടി. ഒരേക്കർ ഭാഗത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ഒരേക്കർ ഭാഗത്ത് നാല് വീടുകളിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. മണിമലയാറ്റിലും വെള്ളം ഉയരുകയാണ്.

