സ്കൂളിൽ കുട്ടികൾക്ക് കൊടുക്കാനായി പുഴുങ്ങിയ മുട്ടകളിൽ സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം : ഫുഡ് സേഫ്റ്റി ഓഫീസറുടെ ഇടപെടലിൽ വൻ ഭക്ഷ്യവിഷബാധ ഒഴിവായി

കോഴിക്കോട്: പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന പയ്യടിമീത്തൽ ഗവ. എൽ പി സ്‌കൂളിൽ കഴിഞ്ഞദിവസം രാവിലെ കുട്ടികൾക്ക് നൽകാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടകളിലാണ് സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം . മുട്ടയുടെ തോട് പൊളിച്ചപ്പോൾ ചില മുട്ടകളിൽ പിങ്ക് നിറം കണ്ടു. മുട്ടയുടെ വെള്ള അല്പം കലങ്ങിയതായും കാണപ്പെട്ടു.

ആശങ്ക തോന്നിയതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിലെ ടീച്ചർ നൂൺമീൽ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു. പിങ്ക് നിറത്തിലുള്ള മുട്ടകൾ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകൾ വിദ്യാർഥികൾക്ക് നൽകുവാനാണ് പ്രാഥമികമായി ടീച്ചർക്ക് ലഭിച്ച നിർദ്ദേശം.

എന്നാൽ കൃത്യസമയത്ത് സ്ഥലത്തെത്തിയ കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.രഞ്ജിത് പി. ഗോപിയുടെ പരിശോധനയിലാണ് സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ സുഡോമോണാസ് ബാധിച്ച കോഴിമുട്ടകൾ ഒരുമിച്ച് വേവിക്കുമ്പോൾ മുട്ടയുടെ വിണ്ടുകീറിയ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന കാര്യം അദ്ദേഹം ടീച്ചറുടെ ശ്രദ്ധയിൽപ്പെടുത്തി.

ഈ മുട്ടകളുടെ സാമ്പിൾ ലാബിൽ പരിശോധനയ്ക്ക് അയക്കുകയും മുട്ടകൾ വിദ്യാർഥികൾക്ക് ഭക്ഷ്യ ഉപയോഗത്തിനായി നൽകുന്നതിൽ നിന്നും വിലക്കുകയും ചെയ്തു. ഈ മുട്ടകൾ നശിപ്പിച്ചു കളയാൻ ഭക്ഷ്യ സുരക്ഷാ ഓഫീസറോട് നിർദ്ദേശിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →