ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോൺഗ്രസിൽനിന്ന് പുറത്തുവന്ന അമരീന്ദർ സിംഗ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. “പഞ്ചാബ് ലോക് കോൺഗ്രസ് ” എന്നാണ് പേര്. അതേസമയം താൻ തളർന്നിട്ടില്ലെന്നും വിരമിച്ചിട്ടില്ലെന്നും പഞ്ചാബിലെ ജനങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്നും അദ്ദേഹം സോണിയാ ഗാന്ധിക്കെഴുതിയ കത്തിൽ പറഞ്ഞു. താൻ സൈനികനായി തുടരാനാണ് ഉദ്ദേശിക്കുന്നത്, മാഞ്ഞുപോകാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അധ്യക്ഷയ്ക്കയച്ച കത്ത് അമരീന്ദർ സിംഗ് പുറത്തുവിട്ടത്. ഏഴ് പേജുള്ള രാജിക്കത്തിൽ കോൺഗ്രസിനെതിരെയും നേതാക്കൾക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടും. അമരീന്ദർ സിംഗ് കുറിച്ചു: “നിങ്ങളുടെയും എന്റെ സ്വന്തം മക്കളെപ്പോലെ ഞാൻ ഇപ്പോഴും അഗാധമായി സ്നേഹിക്കുന്ന നിങ്ങളുടെ കുട്ടികളുടെയും പെരുമാറ്റം എനിക്ക് ശരിക്കും വേദനിച്ചു. 1954 ൽ ഞങ്ങൾ ഒരുമിച്ച് സ്‌കൂളിൽ പോയിരുന്ന കാലം മുതൽ, ഇപ്പോൾ 67 വർഷമായി, അവരുടെ അച്ഛനെ എനിക്കറിയാവുന്നതാണ്… “
“കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ അനുഭവത്തിലൂടെ കടന്നുപോകുന്നതുകൊണ്ട് മറ്റൊരു മുതിർന്ന കോൺഗ്രസുകാരനും ഞാൻ നേരിട്ട അപമാനത്തിന് സമാനമായൊന്ന് അനുഭവിച്ചുകാണില്ലെന്ന് കരുതുന്നു” – – സിംഗ് കൂട്ടിച്ചേർത്തു.
2021 നവംബറോടെ ബിജെപിയുമായി സഖ്യത്തിലേർപ്പെടാനാണ് നീക്കം. നവ്ജോത് സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദർ പറഞ്ഞു. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിൽ ബിജെപിയുമായി സഹകരിക്കാൻ അമരീന്ദർ സിംഗ് ഉപാധി വെച്ചിരുന്നു.
കർഷക സമരം കേന്ദ്രം ഒത്തുതീർപ്പാക്കിയാൽ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗിൻറെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് അമരീന്ദറിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് വൻ ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇരുപത് എംഎൽഎമാരുടെ പിന്തുണയാണ് അമരീന്ദർ സിംഗ് അവകാശപ്പെടുന്നത്. ഇതുവരേയും ഞാൻ കോണ്ഗ്രസിലായിരുന്നു. പക്ഷേ ഇനി ഞാൻ കോണ്ഗ്രസിലുണ്ടാവില്ല. മര്യാദക്കെട്ട രീതിയിലാണ് പാർട്ടിയിൽ എന്നെ പരിഗണിക്കുന്നത് – എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷമുള്ള അമരീന്ദർ സിംഗിന്റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർസിംഗിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാൻഡ് നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. മുതിർന്ന നേതാക്കളായ അംബികാ സോണിയും കമൽനാഥും അമരീന്ദറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം പാർട്ടി വിട്ട് പോകുന്നത് തടയാനുള്ള ശ്രമത്തിലായിരുന്നു നേതൃത്വം. എന്നാൽ കോൺഗ്രസ് വിട്ട അമരീന്ദർസിംഗ് പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു. ചിഹ്നം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന് വെല്ലുവിളിയായിട്ടാണ് അമരീന്ദർസിംഗിൻറെ പുതിയ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. സ്വന്തം പാർട്ടി നിലവിൽ വന്നതായി പ്രഖ്യാപിച്ച ക്യാപ്റ്റൻ തൊട്ടു പിന്നാലെ വണ്ടി കയറിയത് അമിത്ഷായെ കാണാനാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിന് അമരീന്ദർ ചരട് വലി തുടങ്ങിയിട്ടുണ്ട്. പഞ്ചാബിൽ ചുവടുറപ്പിക്കാൻ അമരീന്ദർ സിംഗിനെ പാലമാക്കാമെന്ന് ബിജെപിയും കണക്ക് കുട്ടുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കർഷക സമരം തീർത്താൽ സഖ്യത്തിന് അനുകൂല അന്തരീക്ഷം ഒരുങ്ങുമെന്നാണ് അമിത്ഷായുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിൽ അമരീന്ദർ സിംഗ് വ്യക്തമാക്കിയത്. കർഷക സമരം തീർപ്പായാൽ ബിജെപിയുമായി സഹകരിക്കുമെന്ന് പിന്നാലെ അമരീന്ദർസിംഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത മാസത്തോടെ ചില കർഷക സൗഹൃദ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ രംഗത്ത് വരുമെന്ന സൂചകളും നിലവിലുണ്ട്.
അതേ സമയം പഞ്ചാബിൽ നടന്ന പാർട്ടി സർക്കാർ പുനസംഘടനകളിൽ കോൺഗ്രസിൽ വലിയൊരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. ഇവരിൽ ചിലർ അമരീന്ദർ സിംഗിനൊപ്പം നീങ്ങിയേക്കുെമെന്ന സൂചന കിട്ടിയതിനെ തുടർന്ന് ഹൈക്കമാൻഡ് അനുനയ നീക്കം തുടങ്ങി. നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനം

