മഡ്രിഡ്: കാലുകൊണ്ടും കരുത്തുകൊണ്ടും റയൽ മഡ്രിഡിന്‍റെ പ്രതിരോധ നിരക്ക് വീര്യം പകർന്ന സെർജിയോ റാമോസ് ഇനി ഫ്രഞ്ച് ഭീമൻമാരായ പി.എസ്.ജിക്കായി പന്തുതട്ടും. രണ്ടുവർഷത്തെ കരാറാണ് റാമോസും പി.എസ്.ജിയും തമ്മിൽ ഒപ്പുവെച്ചത്. റാമോസ് പി.എസ്.ജിയിലേക്കെന്ന അഭ്യൂഹങ്ങൾ ശരിവെച്ച് 08/07/2021 വ്യാഴാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
മഹത്തായ ക്ലബിനൊപ്പം ചേരുന്നതിൽ അഭിമാനമുണ്ടെന്നും പി.എസ്.ജി ഉയർന്ന തലത്തിൽ സ്വയം തെളിയിച്ച ക്ലബാണെന്നും റാമോസ് പ്രതികരിച്ചു. ഈ യുഗത്തിലെ ഏറ്റവും മികച്ച താരത്തെ സ്വാഗതം ചെയ്യുന്നുവെന്നും എക്കാലത്തേയും മികച്ച പ്രതിരോധ ഭടൻമാരിൽ ഒരാളാണ് റാമോസെന്നും പി.എസ്.ജി ചെയർമാർ നാസർ അൽ ഖിലാഫി പറഞ്ഞു.
സ്പാനിഷ് കാൽപന്തിൽ 16 വർഷങ്ങൾക്ക് ശേഷം റാമോസ് റയലിന്‍റെ പടിയിറങ്ങിയത്. 35കാരനായ റാമോസ് റയലിന്‍റെ കുപ്പായത്തിൽ 671 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. പ്രതിരോധനിര കാക്കുേമ്പാഴും ഗോളുകൾ നേടുന്നതിൽ വൈദഗ്ധ്യം കാത്തുസൂക്ഷിച്ച റാമോസ് 101 ഗോളുകളും തന്‍റെ പേരിലാക്കി. 22 കിരീടങ്ങളിലാണ് റയലിനൊപ്പം റാമോസ് മുത്തമിട്ടത്. 2005 സെപ്തംബറിലാണ് റാമോസ് റയൽ മാഡ്രിഡിലെത്തുന്നത്.



