സിഎസ്ഐആര്‍-സിഎംഇആര്‍ഐ ഓക്സിജന്‍ സമ്പുഷ്ടീകരണ സാങ്കേതിക വിദ്യയിൽ ശുഭാപ്തി വിശ്വാസമർപ്പിച്ച് എപിസിസിഎം

”സിഎസ്ഐആര്‍-സിഎംഇആര്‍ഐ വികസിപ്പിച്ച ഓക്സിജന്‍ സമ്പുഷ്ടീകരണ സാങ്കേതിക വിദ്യ” എന്ന വിഷയത്തില്‍ കേരള അക്കാദമി ഓഫ് പള്‍മോനറി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ (എപിസിസിഎം) വെബിനാര്‍ സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത സിഎംഇആര്‍ഐ ഡയറക്ടര്‍ പ്രൊഫ. ഹരീഷ് ഹിരാനി ഓക്സിജന്‍ സമ്പുഷ്ടീകരണ സാങ്കേതിക വിദ്യകളെക്കുറിച്ചും  ആരോഗ്യ മേഖലയില്‍ ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

ഓക്സിജന്‍ സമ്പുഷ്ടീകരണ സാങ്കേതിക വിദ്യക്ക് ഓക്സിജന്‍ സമ്പുഷ്ടീകരണ യൂണിറ്റ്, വായു സമ്മര്‍ദ്ദ യൂണിറ്റ് എന്നീ രണ്ട് ഘടകങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓക്സിജന്‍ സമ്പുഷ്ടീകരണ യൂണിറ്റ് (ഒഇയു) പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഓക്സിജന്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ഓക്സിജന്‍ നഷ്ടം കുറയ്ക്കുകയും ചെയ്യും. ഈ സാങ്കേതിക വിദ്യ വാണിജ്യാവശ്യങ്ങള്‍ക്കായി രാജ്യത്താകെയുള്ള 13 കമ്പനികള്‍ക്ക് നല്‍കി. ഈ കമ്പനികളില്‍ ചിലത് ഇതിനകം ഓക്സിജന്‍ സമ്പുഷ്ടീകരണ യൂണിറ്റ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.

ലഭ്യമായ വൈദ്യശാസ്ത്ര രേഖകള്‍ വായുജന്യ രോഗമുള്ളവര്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ നേസല്‍ ക്യാനുല ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല. ശ്വസനപ്രക്രിയയിലൂടെ വൈറസിന്റെ ഗണ്യമായ അളവ് അരികിലുള്ള ശുശ്രൂഷകനിലേക്കും വ്യാപിക്കാനിടയുണ്ട് എന്നതാണിതിനു കാരണം.  അതിനാല്‍, വായുജന്യ രോഗങ്ങളുള്ളവര്‍ക്ക് ഓക്സിജന്‍ നല്‍കുമ്പോള്‍ ”നേസല്‍ ക്യാനുലയ്‌ക്കൊപ്പം എന്‍ 95 മാസ്‌ക്”, അല്ലെങ്കില്‍ ”എന്‍ഐവി മാസ്‌ക്/ഹുഡ്” ആണ് അഭികാമ്യമെന്നും നിര്‍ദ്ദേശിക്കുന്നു.  സിഎസ്ഐആര്‍-സിഎംഇആര്‍ഐ, രോഗികള്‍ക്കും ശുശ്രൂഷകര്‍ക്കുമിടയില്‍ വൈറസ്/ബാക്ടീരിയ വ്യാപനം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ആന്റി-വൈറല്‍/ബാക്ടീരിയല്‍ ഫില്‍റ്ററുകളുള്ള  അത്യാധുനിക ഓക്സിജന്‍ നിര്‍വഹണ സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള കഠിനശ്രമത്തിലാണ്. ഇത് ഐസൊലേഷന്‍ വാര്‍ഡുകള്‍/സമ്പര്‍ക്കവിലക്ക് മേഖലകള്‍ പോലുള്ള ഇടങ്ങളില്‍ വൈറസ് വ്യാപനം കുറയ്ക്കുന്നതിന് സഹായിക്കും.

സിഎസ്ഐആര്‍-സിഎംഇആര്‍ഐയുടെ ഓക്സിജന്‍ സമ്പുഷ്ടീകരണ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഒരു കമ്പ്രസറുള്ള യൂണിറ്റ്, 10 കിടക്കകളുള്ള ചെറിയ ആശുപത്രികളില്‍ വരെ ഉപയോഗപ്പെടുത്താനാകും . ഇത് പ്രാദേശിക ചികിത്സാലയങ്ങള്‍, ചെറിയ ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനായി ‘ഓക്സിജന്‍ കിടക്കകള്‍’ സ്ഥാപിക്കുന്നതിന് കാരണമാകും. ഓക്സിജന്‍ സമ്പുഷ്ടീകരണത്തിനും നിര്‍ഗമനനിരക്ക് നിയന്ത്രിക്കാനും ഒഇയു ശ്രമങ്ങള്‍ നടത്തിവരികയാണ്. സിഎസ്ഐആര്‍-സിഎംഇആര്‍ഐ ഓക്സിജന്‍ സമ്പുഷ്ടീകരണ സാങ്കേതിക വിദ്യ ബൈപാപുകളിലും ഉപയോഗിക്കാനാകും. ഈ വകഭേദം ആശുപത്രികളിലെ ഓക്സിജന്‍ ശേഖരത്തിലും സിലിണ്ടര്‍ അടിസ്ഥാന ഓക്സിജന്‍ വിതരണത്തിലും പ്രവര്‍ത്തിക്കും.

എപിസിസിഎം പ്രസിഡന്റ് ഡോ. രാജഗോപാല്‍ ടി പി രണ്ടാം കോവിഡ് തരംഗത്തില്‍ രാജ്യത്താകെയുള്ള ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കോവിഡാനന്തര ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും ഓക്സിജന്‍ ലഭ്യത പ്രധാനമാണെന്നും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരടക്കം ഓക്സിജന്റെ ക്ഷാമത്തെക്കുറിച്ച് ആശങ്കയിലാണ്. എന്നാല്‍, വിദേശത്തു നിന്നു വലിയ തോതിലുള്ള നിലവാരമില്ലാത്ത ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വരവും, കോണ്‍സെന്‍ട്രേറ്ററുകളുടെ വിലവര്‍ധനയും കണക്കിലെടുക്കുമ്പോള്‍, സിഎസ്ഐആര്‍-സിഎംഇആര്‍ തദ്ദേശീയമായി നടത്തുന്ന ഓക്സിജന്‍ സമ്പുഷ്ടീകരണം പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എപിസിസിഎം പ്രസിഡന്റ് ഡോ. രാജഗോപാല്‍ ടി പി, എപിസിസിഎം നിയുക്ത പ്രസിഡന്റ് ഡോ. എസ് പി ഷാജഹാന്‍, എപിസിസിഎം സെക്രട്ടറി ഡോ. ബി ജയപ്രകാശ് എന്നിവര്‍ക്കു പുറമെ നിരവധി ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വെബിനാറില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →